ഗുരുവായൂരപ്പന്റെ ഥാറിന് 15.10 ലക്ഷം ഒറ്റയാൾ ലേലം അനിശ്ചിതത്വത്തിൽ

Sunday 19 December 2021 12:49 AM IST

ഗുരുവായൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാർ ജീപ്പ് 15.10 ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിച്ചെങ്കിലും കൂടുതൽ തുക നൽകാൻ മറ്റാരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന ലേലത്തിൽ പങ്കെടുത്തയാളുടെ പ്രതികരണം ലേലനടപടികളെ അനിശ്ചിതത്വത്തിലാക്കി.

ബഹ്‌റൈനിൽ ജോലിയുള്ള ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലിക്കായി, സുഹൃത്ത് സുഭാഷ് പണിക്കരാണ് ലേലത്തിൽ പങ്കെടുത്തത്. 21 ലക്ഷം വരെ ലേലം വിളിക്കാനും കൂടുതൽ തുകയ്ക്ക് മറ്റാരെങ്കിലും ഉണ്ടെങ്കിൽ തന്നെ ബന്ധപ്പെടാനും അമൽ അറിയിച്ചിരുന്നതായി സുഭാഷ് പണിക്കർ മാദ്ധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലാണ് വിവാദത്തിന് കാരണമായത്. ഈ മാസം 21ന് ചേരുന്ന ദേവസ്വം ഭരണ സമിതി യോഗത്തിന് ശേഷമേ കാർ കൈമാറൂവെന്ന് ചെയർമാൻ വ്യക്തമാക്കി. അതേസമയം, ദേവസ്വം നിലപാട് മാറ്റിയാൽ നിയമനടപടി അടക്കമുള്ളവ ആലോചിക്കുമെന്ന് സുഭാഷ് പണിക്കർ അറിയിച്ചു.

പങ്കെടുത്തത് ഒരാൾ മാത്രം

സുഭാഷ് പണിക്കർ മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. 15 ലക്ഷമായിരുന്നു അടിസ്ഥാന വില. നിരതദ്രവ്യമായി കെട്ടേണ്ടത് നാൽപതിനായിരം രൂപയും. പത്രവാർത്തയിലൂടെ മാത്രമാണ് ലേലത്തിന്റെ കാര്യം അറിയിച്ചത്. ഓൺലൈനിലൂടെ ലേലത്തിന് നിരവധി പേർ ശ്രമിച്ചെങ്കിലും നിരതദ്രവ്യം അടയ്ക്കാൻ ഒരാളൊഴികെ ആരും തയ്യാറായില്ല എന്ന ന്യായമാണ് ദേവസ്വം അധികൃതർ പറയുന്നത്.

Advertisement
Advertisement