വില തുച്ഛം, ഗുണം മെച്ചം: പച്ചക്കറി വേണോ ?

Saturday 18 December 2021 11:15 PM IST

കൃഷി വകുപ്പിന്റെ തക്കാളി വണ്ടി പത്തനംതിട്ടയിലും

പത്തനംതിട്ട: ഇടനിലക്കാരുടെ കള്ളക്കളികൾ കാരണം കുതിച്ചുയർന്ന പച്ചക്കറി വില പിടിച്ചുനിറുത്താൻ കൃഷി വകുപ്പ് ആരംഭിച്ച തക്കാളി വണ്ടി പത്തനംതിട്ടയിലും. ഇന്നലെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി എത്തിയ വണ്ടിക്ക് ചുറ്റും സാധനങ്ങൾ വാങ്ങാനെത്തിയവർ തിരക്കുകൂട്ടി. റിംഗ് റോഡിലും സെൻട്രൽ ജംഗ്ഷനിലുമായിരുന്നു വിപണനം. കുറഞ്ഞ വിലയിലെ തക്കാളിക്കൊപ്പം പയർ, വഴുതന, വെള്ളരി, പച്ചമുളക്, ചേന തുടങ്ങി പതിനാറ് ഇനങ്ങൾ വിൽപ്പനയ്ക്കുണ്ട്.

ജില്ലയിലെ തക്കാളി വണ്ടിയുടെ യാത്ര വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തുടങ്ങിയത്. വൈകിട്ട് ഏഴ് മണിക്കുള്ളിൽ പന്ത്രണ്ടായിരം രൂപയുടെ പച്ചക്കറി വിറ്റുപോയെന്ന് വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രൊമോഷൻ കൗൺസിൽ അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ ഏഴു മുതലായിരുന്നു കച്ചവടം. പത്തനംതിട്ട, തിരുവല്ല, പന്തളം, അടൂർ നഗരസഭകളിലാണ് വണ്ടിയെത്തിയത്. ജില്ലയിൽ റാന്നി കേന്ദ്രീകരിച്ച് ഒരു തക്കാളി വണ്ടി കൂടി ഇന്നലെ കച്ചവടം ആരംഭിച്ചു.

വില (കിലോഗ്രാമിൽ)

തക്കാളി 55, പയർ 65, വഴുതന 50, വെള്ളരി 45, പച്ചമുളക് 63, ചേന 26, ചേമ്പ് 55, ഇഞ്ചി 60, സവാള 38, ഉരുളക്കിഴങ്ങ് 30, ചെറിയ ഉള്ളി 57, ഏത്തയ്ക്ക 50, വെളുത്തുള്ളി 85.

Advertisement
Advertisement