തെരുവ് നായശല്യം രൂക്ഷം; സർക്കാർ റിപ്പോ‌ർട്ട് കാത്ത് എ.ബി.സി

Monday 20 December 2021 12:38 AM IST

‌മലപ്പുറം: തെരുവുനായ്ക്കളുടെ വന്ധ്യംകരണം ലക്ഷ്യമിട്ടുള്ള എ.ബി.സി പദ്ധതി ജില്ലയിൽ പുനഃരാരംഭിക്കാൻ തടസ്സം സർക്കാർ റിപ്പോർട്ട് വൈകുന്നത്. വന്ധ്യംകരണത്തിനുള്ള കുടുംബശ്രീയുടെ സംവിധാനങ്ങൾ പരിശോധിക്കണമെന്ന ആനിമൽ വെൽഫെയർ ബോർഡിന്റെ സമ്മർദ്ദത്തെ തുടർന്ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ വകുപ്പിനോട് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ജില്ലയിൽ എ.ബി.സി പദ്ധതി നടപ്പിലാക്കുന്നത് എറണാകുളത്തെ ശ്രദ്ധ കുടുംബശ്രീ യൂണിറ്റാണ്.​ കുടുംബശ്രീയുടെ സൗകര്യങ്ങൾ പരിശോധിച്ചുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട് രണ്ട് മാസമായിട്ടും തീരുമാനമെടുത്തിട്ടില്ല.

എ.ബി.സി പദ്ധതി നടത്തിപ്പിനായി കോഴിക്കോട്, എറണാകുളം, പാലക്കാട് ജില്ലകളിലെ മൂന്ന് കുടുംബശ്രീ യൂണിറ്റുകളാണ് രംഗത്തുവന്നിരുന്നത്. ഇവർക്ക് ഏഴ് താലൂക്കുകൾ വീതിച്ചുനൽകി. സ്വന്തമായി വന്ധ്യംകരണ ഓപ്പറേഷൻ തിയേറ്റർ ഒരുക്കണമെന്ന നിർദ്ദേശത്തിന് പിന്നാലെ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകൾ പിൻവാങ്ങി. എറണാകുളത്തെ ശ്രദ്ധ കുടുംബശ്രീ യൂണിറ്റ് സഞ്ചരിക്കുന്ന ഓപ്പറേഷൻ തിയേറ്റർ ഒരുക്കി 650 തെരുവുനായകളെ ശസ്ത്രക്രിയ ചെയ്തു. പദ്ധതി പുരോഗമിക്കുന്നതിനിടെ കുടുംബശ്രീയെ പദ്ധതി ഏ‍ൽപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ ആനിമൽ വെൽഫെയർ ബോർഡ് ഹൈക്കോടതിയെ സമീപിച്ചതോടെ തത്കാലം കുടുംബശ്രീയെ ഏൽപ്പിക്കേണ്ടെന്ന് വിധിച്ചു. ഇതിനെതിരെ കുടുംബശ്രീ ഹൈക്കോടതിയെ സമീപിച്ചതോടെ നിലവിൽ വകയിരുത്തിയ ഫണ്ട് തീരുംവരെ കുടുംബശ്രീക്ക് പദ്ധതിയുമായി മുന്നോട്ടുപോവാൻ അനുമതി ലഭിച്ചു. ഇതുപ്രകാരം ജില്ലയിൽ എ.ബി.സി പദ്ധതി വീണ്ടും തുടങ്ങി. ഇതിനു പിന്നാലെ ആനിമൽ വെൽഫെയർ ബോർഡ് വീണ്ടും സർക്കാരിനെ സമീപിക്കുകയും കുടുംബശ്രീയുടെ സംവിധാനങ്ങളും വന്ധ്യംകരണ രീതിയും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.


പഞ്ചായത്തുകൾക്ക് നേരിട്ട് നടത്താം

2021- 22 ജനകീയാസൂത്രണ പദ്ധതിയിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് എ.ബി.സി പദ്ധതി നടത്താനുള്ള അധികാരവും ഫണ്ട് വകയിരുത്താനുള്ള അനുമതിയും സർക്കാർ നൽകിയിട്ടുണ്ട്.

നിലവിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

നായകളെ പിടികൂടുന്നതിനുള്ള ഏജൻസികളെ തിരഞ്ഞെടുത്ത് വന്ധ്യംകരണത്തിനുള്ള ഓപ്പറേഷൻ തിയേറ്റർ അടക്കം പഞ്ചായത്തുകൾക്ക് ഒരുക്കാം.

കീഴുപറമ്പ് പഞ്ചായത്തും പൊന്നാനി നഗരസഭയും പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്.


ഫണ്ട് വേണം ഇനിയും

ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്താണ് ജില്ലയിൽ എ.ബി.സി പദ്ധതിക്ക് തുടക്കമിട്ടത്. ഇതിന്റെ ഏകോപന ചുമതല ജില്ലാ മൃഗസംരക്ഷണ വകുപ്പിനുമേകി. 2016-17 കാലയളവിൽ നഗരസഭകളിൽ നിന്ന് 5 ലക്ഷവും പഞ്ചായത്തുകളിൽ നിന്ന് ഒരുലക്ഷവും പിരിച്ച് 1.24 കോടി രൂപ ജില്ലാ പഞ്ചായത്ത് സ്വരൂപിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഹുമൈൻ ഇന്റർനാഷണൽ എന്ന സന്നദ്ധ സംഘടനയെ പദ്ധതി ചുമതല ഏൽപ്പിച്ചു. 2,​600 നായകളെ വന്ധ്യംകരിച്ചതിന് പ്രതിഫലമായി 26 ലക്ഷം രൂപ നൽകി. ഫണ്ടിൽ നിന്ന് 53 ലക്ഷം രൂപ സർക്കാർ പിൻവലിച്ചു. ഇതിനിടെ പദ്ധതി നടത്തിപ്പ് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി ഹുമൈൻ ഇന്റർനാഷണൽ പിന്മാറി. ഇതോടെ കുറച്ചുകാലം പദ്ധതി നടന്നില്ല. തുടർന്നാണ് കുടുംബശ്രീക്ക് എ.ബി.സി പദ്ധതി നടത്താമെന്ന ഉത്തരവ് സ‌ർക്കാർ ഇറക്കിയത്.

കുടുംബശ്രീയുടെ സംവിധാനങ്ങൾ പരിശോധിച്ചുള്ള സർക്കാർ റിപ്പോർട്ട് ലഭിച്ച ശേഷമേ ജില്ലയിൽ എ.ബി.സി വീണ്ടും തുടങ്ങാനാവൂ. തദ്ദേശസ്ഥാപനങ്ങൾക്ക് നേരിട്ട് പദ്ധതി നടത്താമെന്ന സർക്കാർ ഉത്തരവ് വന്ധ്യംകരണ പ്രവൃത്തികൾ വേഗത്തിലാക്കാൻ സഹായിക്കും.

ഡോ. ബി.സുരേഷ്,​ ഡെപ്യൂട്ടി ഡയറക്ടർ,​ ജില്ലാ മൃഗസംരക്ഷണ വകുപ്പ്

Advertisement
Advertisement