കാശ് കീശയിലിട്ട് കൈയുംകെട്ടി തദ്ദേശ സ്ഥാപനങ്ങൾ!

Monday 20 December 2021 12:23 AM IST

 സാമ്പത്തികവർഷം അവസാനിക്കാൻ 104 ദിവസങ്ങൾ മാത്രം

കൊല്ലം: സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി 104 ദിവസം മാത്രം ശേഷിക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഖജനാവിൽ അവശേഷിക്കുന്നത്. 313.96 കോടി. ഊർജ്ജിതമായ ശ്രമം ഉണ്ടായില്ലെങ്കിൽ ഇത്തവണ വൻതുക ചെലവഴിക്കപ്പെടാതെ നഷ്ടമാകും. 499.56 കോടിയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ആകെ പദ്ധതി തുക. ഇതിൽ 185.6 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.

നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം റോഡ്, കെട്ടിട നിർമ്മാണങ്ങളെ ബാധിച്ചിട്ടുണ്ട്. ചില തദ്ദേശ സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ റീ ടെണ്ടർ ചെയ്തിട്ടും ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്ത സ്ഥിതിയുണ്ട്. എന്നാൽ ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളുടെയും ക്ഷേമ പദ്ധതികളുടെ നിർവഹണവും ഇഴയുകയാണ്. നടപ്പിലാക്കാൻ കഴിയാത്തവയ്ക്ക് പകരം പുതിയവ ഉൾപ്പെടുത്തി വാർഷിക പദ്ധതിയുടെ പരിഷ്കരണം പൂർത്തിയായിട്ടുണ്ട്. വരും ദിവസങ്ങളിൽ നിർവഹണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

 മുന്നിൽ ശാസ്താംകോട്ട, പിന്നിൽ തലവൂർ

ശാസ്താംകോട്ട പഞ്ചായത്താണ് ജില്ലയിൽ പദ്ധതി നിർവഹണത്തിൽ മുന്നിൽ. തലവൂർ പഞ്ചായത്താണ് ഏറ്രവും പിന്നിൽ. ശാസ്താംകോട്ട പഞ്ചായത്ത് പദ്ധതി തുകയുടെ 58.99 ശതമാനം ചെലവിട്ടപ്പോൾ തലവൂർ ഇതുവരെ 18.42 ശതമാനം മാത്രമാണ് ചെലവാക്കിയത്. മൂന്ന് വർഷമായി കൊല്ലം കോർപ്പറേഷൻ പദ്ധതി നിർവഹണത്തിൽ ഏറെ പിന്നിലായിരുന്നു. എന്നാൽ ഈവർഷം ഇതുവരെ 48.64 ശതമാനം തുക ചെലവിട്ടു. പദ്ധതി ചെലവിൽ ജില്ലയിൽ 14-ാം സ്ഥാനത്താണ് കൊല്ലം കോർപ്പറേഷൻ. എന്നാൽ ജില്ല പഞ്ചായത്ത് പതിവ് പോലെ ഇത്തവണയും പിന്നിലാണ്. 20.04 ശതമാനം മാത്രമാണ് ചെലവിട്ടത്.

പദ്ധതി ചെലവിൽ മുന്നിലുള്ള തദ്ദേശ സ്ഥാപനങ്ങൾ (തുക ശതമാനത്തിൽ)

 ശാസ്താംകോട്ട: 58.99

 നെടുമ്പന: 58.66

 തഴവ: 57.1

 കുലശേഖരപുരം: 57.04

 മൈനാഗപ്പള്ളി: 54.91

പിന്നിലുള്ള തദ്ദേശ സ്ഥാപനങ്ങൾ

 തലവൂർ പഞ്ചായത്ത്: 18.42

 മൈലം പഞ്ചായത്ത്:19.33

 ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്: 19.42

 കൊല്ലം ജില്ലാ പഞ്ചായത്ത്: 20.04

 കുന്നത്തൂർ പഞ്ചായത്ത്: 20.77

..............................

 കൊല്ലം കോർപ്പറേഷൻ: 48.64

 പുനലൂർ നഗരസഭ 36.67

 കരുനാഗപ്പള്ളി നഗരസഭ: 35.09

 കൊട്ടാരക്കര നഗരസഭ: 27.88

 പരവൂർ നഗരസഭ: 24.49

Advertisement
Advertisement