കണ്ണടച്ച്, മൂക്കുപൊത്തി പൊതുമരാമത്ത് വകുപ്പ്

Monday 20 December 2021 12:32 AM IST
ബീച്ച് റോഡിലെ പൊതുമരാമത്ത് ഓഫീസ് സമുച്ചയത്തിന് മുന്നിൽ ഓടയിൽ നിന്നുള്ള മലിനജലം കെട്ടിനിൽക്കുന്നു

 സ്വന്തം ഓഫീസിനു മുന്നിൽ ഓട കവിഞ്ഞൊഴുകുന്നു

കൊല്ലം: റോഡ്, ഓട എന്നിവയെകുറിച്ച് പരാതികളുണ്ടായാൽ അടിയന്തര ഇടപെടലുണ്ടാകുമെന്ന് മന്ത്രിയും അധികൃതരുമൊക്കെ ഇടയ്ക്കിടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ടെങ്കിലും സ്വന്തം ഓഫീസിന് മുന്നിലെ ഓട പൊട്ടിപ്പൊളിഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകുന്നത് പൊതുമരാമത്ത് വകുപ്പ് കണ്ടി​ട്ടില്ല. ബീച്ച് റോഡിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസ് സമുച്ചയത്തിന്റെ തൊട്ടുമുന്നിലാണ് ഒരാഴ്ചയായി മലിനജലം ഒഴുകുന്നത്.

ഇന്റർലോക്ക് കട്ടകളും മറ്റുമായി ഓടയ്ക്ക് മുകൾ ഭാഗം മനോഹരമാക്കിയിട്ടുണ്ടെങ്കിലും മൂക്ക് പൊത്താതെ ആർക്കും അതുവഴി പോകാൻ കഴിയില്ല. ഓടയിലേക്ക് മഴവെള്ളവും മറ്റും ഒഴുകിയിറങ്ങുന്നതിനുള്ള വിടവിലൂടെയാണ് മലിനജലം റോഡിലേക്ക് ഒഴുകുന്നത്. ഇവിടെ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൃമികളും കൂത്താടികളും നുരയ്ക്കുന്നുണ്ട്. രൂക്ഷമായ ദുർഗന്ധവും അറപ്പുളവാക്കുന്ന കാഴ്ചയുമാണ് ഓഫീസിനു മുന്നിലുള്ളത്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

ബീച്ച് സന്ദർശകരടക്കംനൂറുകണക്കിന് യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്ന പാത കൂടിയാണിത്. തൊട്ടടുത്ത് ബാങ്കുകളും ആശുപത്രിയും ഭക്ഷണശാലകളടക്കമുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളുമുണ്ട്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും കൂടുതലായി സഞ്ചരിക്കുന്ന പാത. കൊട്ടിയം, കണ്ണനല്ലൂർ, ബീച്ച് എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യബസുകൾ സർവീസ് നടത്തുന്നതും ഇതുവഴിയാണ്. നഗരകേന്ദ്രത്തിലെ പ്രാധാന്യമേറിയതും തിരക്കുള്ളതുമായ റോഡിൽ മലിനജലം കെട്ടിക്കി​ടക്കുന്നതിന് പരിഹാരം കാണാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് പൊതുമരാമത്ത് അധികൃതർ.

 കൂത്താടികളും കൃമികളും നുരയ്ക്കുന്നു

 പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം

 വിദ്യാർത്ഥികളടക്കം നിരവധിപേർ സഞ്ചരിക്കുന്ന റോഡ്

 സമീപത്ത് ഭക്ഷണശാലകളും ആശുപത്രിയും

Advertisement
Advertisement