കുമ്പഴ വാട്ടർ ടാങ്കിൽ ഒന്നര മീറ്റർ ഉയരത്തിൽ ചെളി, വെള്ളം കിട്ടാൻ ഒരാഴ്ചയെടുക്കും

Monday 20 December 2021 12:21 AM IST

പത്തനംതിട്ട: മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലും കുമ്പഴ പ്രദേശത്തും വെള്ളം എത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ കുമ്പഴ പമ്പ് ഹൗസിലും വാട്ടർ ടാങ്കിലും അടിഞ്ഞു കൂടിയ ചെളിയും മണ്ണും നീക്കം ചെയ്യാൻ ഒരാഴ്ച സമയം വേണ്ടിവരും. കഴിഞ്ഞ മഴയിലും ഉരുൾപൊട്ടലിലും പമ്പ് ഹൗസിലും ടാങ്കിലും ചെളിയടിഞ്ഞുകൂടിയതിനെ തുടർന്ന് ജലവിതരണം തടസപ്പെട്ടിരിക്കുകയായിരുന്നു. രണ്ട് ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള ടാങ്കിൽ ഒന്നരമീറ്റർ പൊക്കത്തിൽ ചെളിയും മണ്ണും കട്ടിയായി കിടക്കുകയാണ്. ഇത് നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. 1700 ഗാർഹിക വാട്ടർ കണക്ഷണുകളാണ് ഇവിടെയുള്ളത്.

ഉയർന്ന സ്ഥലങ്ങളായ ഇവിടെ വീടുകൾക്ക് കിണറുകളില്ല. പിക്കപ്പ് വാനിൽ എത്തിക്കുന്ന ഒരു ടാങ്ക് വെള്ളത്തിന് 700രൂപ മുടക്കിയാണ് നാട്ടുകാർ വാങ്ങുന്നത്.

മൈലപ്ര പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ചീങ്കൽത്തടം, പത്തരപ്പടി, കാറ്റാടി, കോട്ടപ്പാറ, കണ്ണമ്പാറ, പതാലിൽപ്പാറ, നാക്കാലിപ്പടി, കാക്കാംതുണ്ട്, മീൻമുട്ടിക്കൽ, ഇടക്കര, ഒാലിക്കൽപ്പടി, ചക്കാലേത്ത്, തയ്യിൽപ്പടി, മണ്ണാരക്കുളഞ്ഞി, ചെറുവള്ളിക്കര ഉൾപ്പെടെയുള്ള പ്രദശങ്ങളിലെ കുടുംബങ്ങൾ വെള്ളത്തിന് വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളെ മാത്രമാണ് ആശ്രയിക്കുന്നത്.

കുമ്പഴയിൽ അച്ചൻകോവിലാറിന് നടുവിലായി സ്ഥാപിച്ച കോൺക്രീറ്റ് നിർമ്മിത വലിയ കിണറ്റിലും ആറിനോടു ചേർന്നുള്ള പമ്പ് ഹൗസിലും ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന വർഷങ്ങൾ പഴക്കമുളള ആസ്ബസ്റ്റോസ് നിർമിത പൈപ്പിലും ചെളിയും മണ്ണും അടിഞ്ഞുകിടക്കുകയാണ്.

ചെളി നീക്കം ചെയ്ത് വെള്ളം പമ്പ് ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.കെ.സോമനാഥൻനായർ, എൽ.ഡി.എഫ് മൈല്ര പഞ്ചായത്ത് കമ്മറ്റിഅംഗം കെ.പി.രവി, സി.പി.എെ മൈലപ്ര ലോക്കൽ കമ്മിറ്റിയംഗം കെ.മോഹനൻ എന്നിവർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, അസി. എൻജിനീയർ എന്നിവരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് നടപടികൾ സ്വീകരിച്ചത്.

1700 ഗാർഹിക കണക്ഷനുകൾ

ഒരു ടാങ്കിന് 700രൂപ മുടക്കി വെള്ളം വാങ്ങുന്നു

Advertisement
Advertisement