വനിതകളുടെ പരാതി പരിഹരിക്കാൻ അമ്മയിൽ പ്രത്യേക സമിതി

Sunday 19 December 2021 11:48 PM IST

കൊച്ചി: വനിതാ അംഗങ്ങളുടെ പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരണം ഉൾപ്പെടുത്തി താരസംഘടനയായ അമ്മയുടെ നിയമാവലി പരിഷ്‌കരിച്ചു. അംഗങ്ങൾക്ക് പുറമെ പൊതുസമൂഹത്തിനായും കൂടുതൽ ക്ഷേമപരിപാടികൾ നടപ്പാക്കാൻ തീരുമാനിച്ചതായി അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു.

വനിതകളുടെ പരാതികൾ പരിഹരിക്കാൻ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കാനാണ് പ്രധാന ഭേദഗതി. അമ്മ നിർവാഹക സമിതി അംഗമായിരിക്കും അദ്ധ്യക്ഷ. പുറത്തു നിന്ന് ഒരു ഉദ്യോഗസ്ഥയും കമ്മിറ്റി അംഗമാകും. അടുത്ത നിർവാഹക സമിതി യോഗത്തിൽ സമിതി രൂപീകരിക്കും. സിനിമയിലെ വനിതകളുടെ കൂട്ടായ്‌മയുടെ ആവശ്യമായിരുന്നു സമിതി രൂപീകരണം. ഇതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്തിയത്.

സമൂഹമാദ്ധ്യമങ്ങൾ വഴി തെറ്റായ പ്രചാരണം നടത്തുന്ന അംഗങ്ങൾക്ക് താക്കീത് നൽകാനും ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാനും നിർവാഹക സമിതിക്ക് അധികാരം നൽകി നിയമാവലി ദേദഗതി ചെയ്തു. ലഹരിവസ്തുക്കൾ, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും നിയമാവലിയിൽ ഭേദഗതി വരുത്തി. കൂടുതൽ സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മോഹൻലാൽ പറഞ്ഞു.

ജനാധിപത്യപരമായ മത്സരമാണ് നടന്നതെന്ന് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. പത്തു വർഷത്തിന് ശേഷമാണ് ഭാരവാഹികളെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്തിയത്. 316 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. പാനലെന്ന നിലയിലായിരുന്നില്ല മത്സരം. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കും. നിർവാഹക സമിതി യോഗങ്ങളിൽ എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

സംഘടനയിൽ നിന്ന് അകന്നുപോയ രേവതി ഉൾപ്പെടെയുള്ളവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കും. വനിതകളുടെ പരാതികൾ പരിഹരിക്കാൻ കമ്മിറ്റി രൂപീകരിച്ചതുൾപ്പെടെ അവരെ അറിയിച്ചിട്ടുണ്ട്.

അമ്മയ്ക്ക് ഫണ്ട് കണ്ടെത്താൻ സിനിമ നിർമ്മിക്കും. നേരത്തെ നിശ്ചയിച്ച സിനിമ കൊവിഡ് സാഹചര്യത്തിൽ ചിത്രീകരിക്കാൻ കഴിഞ്ഞിട്ടില്ല. വൻ താരനിരയുള്ള സിനിമയാണ് ആസൂത്രണം ചെയ്തിരുന്നത്. പുതിയ കഥയിൽ സിനിമ നിർമ്മിക്കുന്നതും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
Advertisement