18,000 ലൈംഗിക തൊഴിലാളികൾ; എല്ലാവർക്കും റേഷൻ കാർഡ്

Sunday 19 December 2021 11:56 PM IST

തിരുവനന്തപുരം: ലൈംഗിക തൊഴിൽ ഒരു തൊഴിലായി സംസ്ഥാന തൊഴിൽ വകുപ്പ് അംഗീകരിച്ചിട്ടില്ല. എന്നാൽ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പ്രകാരം 18,000 ലൈംഗിക തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡും വോട്ടർ ഐ.ഡിയും ആധാറും നൽകാനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾക്കും മറ്റ് അധികാരികൾക്കും സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിൽ കേരളം നൽകിയ സത്യവാങ്മൂലത്തിലാണ് ലൈംഗിക തൊഴിലാളികളുടെ കണക്കുള്ളത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ ബോർഡിന്റെ കണക്കിൽ വിവിധ പദ്ധതികളുടെ ഭാഗമായി രജിസ്റ്റർ ചെയ്തവരാണിത്.

ലൈംഗിക തൊഴിലാളികൾക്ക് സംസ്ഥാനത്തെ ഏത് റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങാമെന്നും സർക്കാർ കണക്കിൽ റേഷൻ കാർഡില്ലാത്ത 228 ലൈംഗികത്തൊഴിലാളികൾക്ക് കാർഡുകൾ അനുവദിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാൽ സാമൂഹ്യക്ഷേമ വകുപ്പ് നൽകിയ കണക്കിനെ പറ്റി തൊഴിൽ വകുപ്പിനോ സിവിൽ സപ്ലൈസ് വകുപ്പിനോ അറിവില്ല. ആര് അപേക്ഷിച്ചാലും റേഷൻ കാർഡ് നൽകാൻ തടസമൊന്നും ഇല്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമാണ് ഇപ്പോൾ റേഷൻ കാർ‌ഡ് നൽകുന്നത്. റേഷൻ കാർഡ് അനുവദിക്കുന്നതിൽ നിന്ന് ആരെയും മാറ്റി നിറുത്തിയിട്ടില്ല. അർഹതയുള്ളവർക്കെല്ലാം മുൻഗണനാ കാർഡുകൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

 വിവരം രഹസ്യം

ലൈംഗിക തൊഴിലാളികൾക്ക് അവരുടെ തൊഴിൽ വെളിപ്പെടുത്താതെ തന്നെ റേഷൻ കാർഡ് സുരക്ഷിതമാക്കാം. ഇതിനായി സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിൽ ആധാർ കാർഡ് ഉപയോഗിച്ച് രജിസ്‌റ്റർ ചെയ്യാം. ലൈംഗിക തൊഴിലാളികളിൽ ചിലർ വിവാഹിതരും കുട്ടികളുള്ളവരുമാണ്. അവരിൽ ഭൂരിഭാഗവും പങ്കാളിയിൽ നിന്ന് വേർപിരിഞ്ഞ് കഴിയുന്നു. ഇവർക്ക് മുൻഗണനാ കാർഡ് നൽകും.

Advertisement
Advertisement