ജീവൻ പൊലിഞ്ഞിട്ടുവേണോ റോഡിലെ കുഴികൾ അടക്കാൻ

Monday 20 December 2021 12:39 AM IST

കുറ്റ്യാടി: കുറ്റ്യാടി ടൗൺ പരിസരങ്ങളിലെ റോഡുകളിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാക്കുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികളിൽ വീണ് നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത്.കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച യുവാവാണ് ഏറ്റവും ഒടുവിലെത്തെ ഇര.നാദാപുരം ഭാഗത്തേക്കുള്ള സംസ്ഥാന പാതയിൽ കുറ്റ്യാടി ടൗണിനും കടേക്കച്ചാൽ ഭാഗത്തിനിടയിലും റോഡ് പൂർണമായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡ്, ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിലും,​ കടേക്കച്ചാൽ വാട്ടർ അതോററ്റി പമ്പ് സ്റ്റേഷന് മുൻവശവും ഏത് നിമിഷവും അപകടം ഉണ്ടാവുന്ന തരത്തിലാണ് റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്. ചെറുവാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവ് കാഴ്ചയാവുകയാണ്.കടേക്കച്ചാൽ വാട്ടർ അതോറട്ടറി പമ്പിന് മുൻവശത്തെ റോഡ് തകർന്നിട്ട് വർഷങ്ങളായി.റോഡ് നിർമാണത്തിലെ അശാസ്ത്രീയത മൂലം ചെറിയ മഴയ്ക്ക് പോലും റോഡിൽ നിറയെ വെള്ളക്കെട്ടാണ്. കുറ്റ്യാടി, നാദാപുരം സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവായിട്ടും പൊട്ടിപൊളിഞ്ഞ കുഴികൾ അടയ്ക്കാൻ തയ്യാറാകാത്ത അധികൃതരുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തുടർച്ചയായ ഗതാഗത സ്തംഭനത്തിനും, അപകടങ്ങൾക്കും കാരണമാകുകയാണ്. അധികൃതർ ജനങ്ങളോടുള്ള പരീക്ഷണം വെടിഞ്ഞ് തകർന്ന റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ തയാറാവണമെന്ന് ഒ.പി.മഹേഷ് ബി.ജെ.പി. കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പറഞ്ഞു.

Advertisement
Advertisement