'കെ റെയിലിനെ പിന്തുണച്ചിട്ടില്ല, സ്വകാര്യ നിക്ഷേപത്തിനുള‌ള മുഖ്യമന്ത്രിയുടെ ക്ഷണത്തിനെയാണ് പ്രശംസിച്ചത്' ; വിവാദത്തിൽ മറുപടിയുമായി ശശി തരൂർ

Monday 20 December 2021 11:15 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിലിനെ താൻ പിന്തുണച്ചിട്ടില്ലെന്ന് വ്യക്തമാക്കി ശശി തരൂർ എം.പി. കെ-റെയിൽ പദ്ധതി പ്രശ്‌നത്തിൽ മതിയായ പഠനം നടത്തിയിട്ടില്ല. അത്തരം പഠനവിശകലനങ്ങൾ വരുന്നതിന് മുൻപ് താൻ പ്രതികരിക്കുന്നത് ശരിയല്ലാത്തതിനാലാണ് വിഷയത്തിൽ പ്രതികരിക്കാത്തതെന്ന് തരൂർ അറിയിച്ചു. ട്വി‌റ്ററിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

മുഖ്യമന്ത്രി സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ ക്ഷണിച്ച് സംസാരിച്ച കാര്യം മാത്രമാണ് താൻ പ്രശംസിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനത്തെ താൻ പ്രശംസിച്ചെന്ന് ഡെക്കാൻ ഹെറാൽഡ് നൽകിയ വാർത്തയെ വിമർശിച്ചായിരുന്നു തരൂരിന്റെ പോസ്‌റ്റ്.

കെ-റെയിൽ പ്രശ്‌നത്തിൽ യുഡിഎഫ് എംപിമാർ റെയിൽവെ മന്ത്രിക്കയച്ച കത്തിൽ ഒപ്പുവയ്‌ക്കാത്തത് കെ-റെയിൽ പ്രത്യാഘാത പഠനങ്ങൾ നടത്തിയിട്ടില്ലാത്തതിനാലാണ്. കത്തിൽ ഒപ്പുവയ്‌ക്കണമെന്ന് മാത്രമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ശശി തരൂർ മുൻപ് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുധാകരനും കോൺഗ്രസിലെ മുതിർന്ന നേതാക്കളും എതിരായതോടെയാണ് ശശി തരൂർ തന്റെ അഭിപ്രായം സമൂഹമാദ്ധ്യമത്തിലൂടെ വ്യക്തമാക്കിയത്.