'നേരം വെളുക്കാതെ' വനിതാഹോസ്റ്റലുകൾ

Wednesday 22 December 2021 12:05 AM IST

കൊച്ചി: പെൺകുട്ടികളുടെ കാര്യത്തിൽ ഇപ്പോഴും അമിത ഉത്കണ്ഠയിലാണ് ജില്ലയിലെ വനിതാഹോസ്റ്റൽ അധികൃതർ. വേഷത്തിലെ ലിംഗസമത്വത്തെ കുറിച്ച് കേരളം ഗൗരവമായി ചർച്ച ചെയ്യുന്ന കാലത്ത് രാത്രികർഫ്യൂവിൽ ഇളവുവരുത്തണമെന്ന ആവശ്യവുമായി സമരം ചെയ്യേണ്ട ഗതികേടിലാണ് ഇപ്പോഴും കോളേജ് വിദ്യാർത്ഥിനികൾ. വനിതാ ഹോസ്റ്റലുകളിൽ വിദ്യാർത്ഥിനികൾക്ക് തിരിച്ചുകയറുന്നതിന് രാത്രി 9.30വരെ സമയം അനുവദിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് രണ്ടു വർഷം മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഇതാണ് അവസ്ഥ!

കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് സർവകലാശാലകളിലേയും സർക്കാർ കോളേജുകളിലേയും വനിതാ ഹോസ്റ്റലുകളിലെ സമയപരിധി ദീർഘിപ്പിച്ചു നൽകിയത്. തൃശൂർ കേരളവർമ്മ കോളേജിലെ രണ്ട് വിദ്യാർത്ഥിനികളാണ് ഹോസ്റ്റലുകളിലെ കർഫ്യുവിനെതിരെ അന്ന് കോടതിയെ സമീപിച്ചത്. പെൺകുട്ടികൾ മാത്രം വൈകിട്ട് ആറ് മണിയോടെ ഹോസ്റ്റലുകളിൽ തിരിച്ച് കയറണമെന്ന നിയമത്തെയാണ് അവർ ചോദ്യം ചെയ്തത്. ഇതേതുടർന്ന് ലാബ്, ലൈബ്രറി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ അതേ സമയക്രമം തന്നെ പെൺകുട്ടികൾക്കും കോടതി അനുവദിച്ചു.

 കോടതി ഉത്തരവിന് പുല്ലുവില

പെൺകുട്ടികളോടുള്ള പെരുമാറ്റത്തിൽ ഹോസ്റ്റൽ അധികൃതരുടെ അപരിഷ്കൃത മനോഭാവം ഇപ്പോഴും തുടരുകയാണെന്ന് അന്തേവാസികൾ പറയുന്നു. രാത്രി 9.30 വരെ സമയം അനുവദിച്ചുള്ള കോടതിവിധിയെ കുറിച്ച് പലർക്കും അറിവില്ല. ഈ അജ്ഞത അധികൃതർക്ക് തണലാകുന്നു. പുറത്ത് പേയിംഗ് ഗസ്റ്റായി താമസിക്കാൻ സൗകര്യമുണ്ടെങ്കിലും കനത്ത വാടക താങ്ങാൻ കഴിവില്ലാത്തതിനാൽ മിക്ക കുട്ടികളും ഹോസ്റ്റലിൽ തുടരാൻ നിർബന്ധിതരാവുന്നു. പ്രതിഷേധത്തിന് മുതിർന്നാൽ വീട്ടുകാരെ ഉപയോഗിച്ച് നിശബ്ദരാക്കും. ഞായറാഴ്ച ഹോസ്റ്റലിന് പുറത്ത് ഇറങ്ങുന്നതിനും നിരോധനമുള്ള ഹോസ്റ്റലുകളുണ്ട്. അതേസമയം, നഗരത്തിലെ സർക്കാർ ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്ക് കയറാനുള്ള സമയം രാത്രി 9.30 ആണ്.

 ഇളവ് വാഗ്‌ദാനം ഫയലിൽ

സമയക്രമം ദീർഘിപ്പിച്ചതിന് ഹോസ്റ്റലുകളെ കൂടുതൽ 'സ്ത്രീ സൗഹൃദ'മാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ധരിക്കുന്ന വസ്ത്രം, പുറത്ത് പോകുന്നതും തിരികെയെത്തുന്നതും രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റർ, വൈദ്യുതി ഉപയോഗം തുടങ്ങിയവ സംബന്ധിച്ചുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താനായിരുന്നു ആലോചന. ഹോസ്റ്റലുകളിലെ കർശന നിയന്ത്രണങ്ങൾ വിദ്യാർഥിനികളുടെ മാനസിക ആരോഗ്യത്തേയും ആത്മവിശ്വാസത്തെയും ബാധിക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കാർ ഇടപെടൽ. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ അഭിപ്രായം പരിഗണിക്കുമെന്നും പറഞ്ഞിരുന്നു.

നിസാര കാര്യങ്ങൾ രക്ഷിതാക്കളെ വിളിച്ചറിയിക്കുന്നതിൽ പരിധി നിശ്ചയിക്കും. രാത്രിയിൽ നിശ്ചിത സമയത്തിന് ശേഷം ലൈറ്റ് അണയ്ക്കണമെന്ന നിയന്ത്രണം ഇല്ലാതാവും. രാത്രി 10.30ന് ശേഷം നിശ്ചയിച്ചിട്ടുള്ള പൊതുവായ സ്ഥലത്തിരുന്ന് പഠിക്കണമെന്നാണ് നിലവിൽ ഹോസ്റ്റലുകളിലെ നിയമം. ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പെൺകുട്ടികൾക്കും തിരിച്ചും പ്രവേശനമില്ലാത്തതിലും ഇളവുകൾ വരും. എന്നാൽ പകൽ സമയത്ത് ഉപാധികളോടെയായിരിക്കും പ്രവേശനം. പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്ന ഇത്തരം ഇളവുകൾ നിലവിൽ വരുമെന്ന വാഗ്ദാനം ഫയലിൽ ഒതുങ്ങി.

Advertisement
Advertisement