പി.എസ്.സി അംഗത്വം: എൻ.സി.പിയിൽ ചാക്കോ-ശശീന്ദ്രൻ പോര് മുറുകുന്നു

Wednesday 22 December 2021 1:15 AM IST

തിരുവനന്തപുരം: എൻ.സി.പിയുടെ പി.എസ്.സി അംഗത്തെ ചൊല്ലി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും മന്ത്രി എ.കെ. ശശീന്ദ്രനും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. പാർട്ടിയുടെ സജീവ നേതൃനിരയിലുള്ള രണ്ട് പേരെയാണ് ശശീന്ദ്രൻ നിർദ്ദേശിച്ചത്. അവരെ തഴഞ്ഞ് പി.സി. ചാക്കോ ഒരു വനിതയെ നിർദ്ദേശിച്ചത് അംഗീകരിക്കില്ലെന്നാണ് ശശീന്ദ്രൻ അടക്കമുള്ള പ്രമുഖരുടെ നിലപാട്. ചാക്കോ അദ്ധ്യക്ഷനായ ശേഷം നടക്കുന്ന അമിതമായ ഇടപെടലുകൾക്കെതിരെ പാർട്ടിയിൽ പുകയുന്ന അമർഷത്തിന് പുതിയ തർക്കം എരിവ് പകരുന്നു. തലസ്ഥാന ജില്ലയിലെ പാർട്ടിയുടെ ഒരു ബ്ലോക്ക് പ്രസിഡന്റിന്റെ മകളെയാണ് ചാക്കോ നിർദ്ദേശിച്ചത്. ഇവർ പാർട്ടി അംഗം പോലുമായത് അടുത്തിടെയാണെന്നാണ് മറുഭാഗത്തിന്റെ ആക്ഷേപം. ഐ.എൻ.എല്ലിലുണ്ടായത് പോലെ കമ്മിഷൻ ആക്ഷേപവും ചേരിപ്പോരിന് ഇന്ധനമാകുന്നുണ്ട്. വനംവകുപ്പിലെ വാച്ചർ നിയമനത്തിലും സംസ്ഥാന പ്രസിഡന്റിന്റെ കൈകടത്തലെന്ന് ആക്ഷേപമുണ്ട്. അതിനിടയിലാണ് പി.എസ്.സി അംഗത്വ വിവാദം.

കോഴിക്കോട്, വയനാട് ജില്ലകളിൽ വർഷങ്ങളായി സജീവമായ രണ്ട് പേരെയാണ് ശശീന്ദ്രൻ നിർദ്ദേശിച്ചത്. ചാക്കോ നിർദ്ദേശിച്ച പേര് അംഗീകരിക്കില്ലെന്ന അദ്ദേഹത്തിന്റെ കടുംപിടിത്തമാണ് അദ്ധ്യക്ഷനെ വെട്ടിലാക്കുന്നത്. സി.പി.എം നേതൃത്വവുമായുള്ള ചർച്ചയിൽ വനിതയെ ചാക്കോ നിർദ്ദേശിച്ചെങ്കിലും മന്ത്രിയുടെ എതിർപ്പ് കാരണം പച്ചക്കൊടി കാട്ടിയിട്ടില്ല. വിഷയം മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാനും നീക്കമുണ്ട്. കഴിഞ്ഞയാഴ്ച മന്ത്രിയുടെ വസതിയിൽ കോർകമ്മിറ്റി ചേർന്നപ്പോൾ പി.എസ്.സി അംഗത്വവിഷയം ചർച്ചയ്ക്കെടുത്തില്ല. പാർട്ടിക്കനുവദിച്ച രണ്ട് ബോർഡുകളുടെ അദ്ധ്യക്ഷന്മാരെ തീരുമാനിച്ച് പിരിയുകയായിരുന്നു.

Advertisement
Advertisement