കരിമലപാത ഉ‌ടൻ സഞ്ചാരയോഗ്യമാക്കും  

Wednesday 22 December 2021 12:07 AM IST
സന്നി​ധാനത്ത് ഇന്നലെ ദർശനത്തി​ന് എത്തി​യ തീർത്ഥാടകർ

ശബരിമല: കരിമലകാനനപാത തുറക്കാൻ നടപടി ആരംഭി​ച്ചതായി ശബരിമല എ.ഡി.എം അർജുൻ പാണ്ഡ്യൻ അറിയിച്ചു. മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഇൗ മാസം മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കും. എ.ഡി.എമ്മിന്റെ നേതൃത്വത്തിലുളള സംഘം ഇന്നലെ കാനനപാതയിലൂടെ സഞ്ചരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 18 കിലോമീറ്റർ പൂർണമായും പെരിയാർ വന്യജീവിസങ്കേതത്തിലൂടെയാണ് പാത കടന്നുപോകുന്നത്. രണ്ടുവർഷമായി പാത അടഞ്ഞുകി​ടക്കുന്നതി​നാൽ സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. ചിലയിടത്ത് മരങ്ങൾ വീണ് മാർഗ തടസമുണ്ട്. ഇവ നീക്കംചെയ്യണം. അപകടകരമായ മരങ്ങൾ വെട്ടിമാറ്റി​ പാതയൊരുക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് വനംവകുപ്പിന് നിർദേശം നൽകി. ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളുടെ സഹകരണത്തോടെയാകും കാനനപാത തെളിക്കുക. പാതയിൽ തീർത്ഥാടകർക്കായി വിശ്രമകേന്ദ്രങ്ങൾ ഉണ്ടാകും. കടകളും ടോയ്ലറ്റ് സൗകര്യവും ഒരുക്കും. കാർഡിയാക് സെന്ററുകളും അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളും ഒരുക്കും. അയ്യപ്പസേവാസംഘത്തിന്റെ അന്നദാനകേന്ദ്രങ്ങളുണ്ടാകും. വന്യമൃഗങ്ങളിൽ നിന്ന് തീർത്ഥാടകർക്ക് സംരക്ഷണം നൽകുന്നതിന് രണ്ടുകിലോമീറ്റർ ഇടവിട്ട് നിരീക്ഷണ സംവിധാനമൊരുക്കും.

Advertisement
Advertisement