മൃതദേഹം ദഹിപ്പിക്കണം, റീത്ത് വയ്ക്കരുത്, ഇഷ്ടഗാനം വേണം; പി ടി തോമസിന്റെ അവസാന ആഗ്രഹങ്ങൾ വെളിപ്പെടുത്തി സുഹൃത്തുക്കൾ

Wednesday 22 December 2021 2:53 PM IST

കൊച്ചി: അന്തരിച്ച എം എൽ എയും കെ പി സി സി വർക്കിംഗ് പ്രസി‌ഡന്റുമായിരുന്ന പി ടി തോമസിന്റെ അവസാന ആഗ്രഹങ്ങൾ വെളിപ്പെടുത്തി സുഹൃത്തുക്കൾ. മരണശേഷം തന്റെ മൃതദേഹം ദഹിപ്പിക്കണമെന്നും ചിതാഭസ്മം ഉപ്പുതോട്ടിലുള്ള അമ്മയുടെ കല്ലറയിൽ വയ്ക്കണമെന്നും മരിക്കുന്നതിന് മുമ്പ് പി ടി തോമസ് പറഞ്ഞിരുന്നതായി സുഹൃത്ത് ഡിജോ കാപ്പൻ. പി ടി തോമസിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എറണാകുളത്തുള്ള രവിപുരം ശ്‌മശാനത്തിൽ മൃതദേഹം ദഹിപ്പിക്കണമെന്നും റീത്ത് വയ്ക്കരുതെന്നും പി ടി തോമസ് ആവശ്യപ്പെട്ടിരുന്നതായും ‌ഡിജോ കാപ്പൻ വെളിപ്പെടുത്തി. പൊതുദർശനത്തിന് വയ്ക്കുമ്പോൾ 'ചന്ദ്രകളഭം' എന്ന പഴയ മലയാള ചലച്ചിത്രഗാനം ശബ്ദം താഴ്ത്തി വയ്ക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഇന്ന് രാവിലെ 10.15ഓടെയായിരുന്നു അന്ത്യം. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ അർബുദത്തിന് ചികിത്സയിലായിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എം എൽ എയായിരുന്നു. നാലു തവണ എം എൽ എയും ഒരു തവണ ഇടുക്കി എംപിയുമായിരുന്നു. കെ എസ്‌ യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.

2009 ലാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി ജയിച്ചത്. ‘എ ഡി ബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകൾ സ്വീകരിച്ച നേതാവായിരുന്നു പി ടി തോമസ്. ഗാഡ്ഗിൽ വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച അനുകൂല നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു.