ദൈവദശകം ആഴത്തിൽ പഠിക്കണം: മുസ്തഫമൗലവി

Thursday 23 December 2021 2:59 AM IST

ശിവഗിരി: ശ്രീനാരായണീയർ ദൈവദശകം പ്രാർത്ഥനയുടെ ആശയ സമ്പുഷ്ടത കൂടുതൽ ആഴത്തിൽ മനസിലാക്കേണ്ടിയിരിക്കുന്നുവെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സി.എച്ച്.മുസ്തഫ മൗലവി പറഞ്ഞു. 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണപരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവദശകം പ്രാർത്ഥനയുടെ ആഴവും പരപ്പും അതിവിശാലമാണ്. ഗുരുദേവ കൃതികൾ എല്ലാം കൂടി ആറ്റിക്കുറുക്കിയെടുത്താൽ അതായിരിക്കും ദൈവദശകം . 16 വർഷത്തോളം ഞാൻ ഖുർആൻ പഠിച്ചു. പഠനത്തിന്റെ പൂർണ്ണതയ്ക്കായി ഗുരു നിത്യചൈതന്യയതിയോട് ഉപദേശം തേടിയപ്പോൾ, ഖുർആൻ ശ്രദ്ധിച്ചു പഠിക്കാനാണ് നിർദ്ദേശിച്ചത്. അങ്ങനെയാണ് ശ്രീനാരായണ ദർശനവുമായി താരതമ്യപ്പെടുത്തി ഖുർആനെ പുനർമനനം ചെയ്തത്. അപ്പോഴാണ് ഖുർആനിലെ യഥാർത്ഥ ആശയം മനസിലായിത്തുടങ്ങിയത്. സമബുദ്ധിയോടെ പഠിക്കുന്നവ‌ർക്ക് ദൈവദശകവും ഖുർആനും തമ്മിൽ യാതൊരു ഭേദവും കാണാൻ കഴിയില്ല- മുസ്തഫ മൗലവി പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ധർമ്മാനന്ദ, സ്വാമി സത്യാനന്ദസരസ്വതി, എസ്.ഷാജി എന്നിവർ സംസാരിച്ചു.

ഫോട്ടോ: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണപരമ്പരയിൽ സി.എച്ച്.മുസ്തഫ മൗലവി സംസാരിക്കുന്നു. സ്വാമി സച്ചിദാനന്ദ, സ്വാമി ഗുരുപ്രകാശം, സ്വാമി ധർമ്മാനന്ദ, സ്വാമി സത്യാനന്ദസരസ്വതി, എസ്.ഷാജി എന്നിവർ സമീപം.

Advertisement
Advertisement