ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം കൊന്നവരെ പിടികൂടാനാവാതെ പൊലീസ്

Thursday 23 December 2021 12:12 AM IST

ആലപ്പുഴ: ആലപ്പുഴയിലെ രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്തവരെ സംഭവം കഴിഞ്ഞ് നാലു ദിവസം പിന്നിട്ടിട്ടും പൊലീസിന് പിടികൂടാനായില്ല. രണ്ടു കേസുകളിലായി ഇതുവരെ അറസ്‌റ്റിലായ ഏഴു പേരും ആക്രമണത്തിൽ നേരി​ട്ട് പങ്കെടുത്തവരല്ല. പ്രതികൾക്ക് ആവശ്യമായ സഹായവും ആസൂത്രണവും നടത്തിയവരാണിവർ.

കൊലപാതകങ്ങളിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി വിജയ് സാഖറെ വ്യക്തമാക്കി. കസ്‌റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ പ്രവർത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചെന്ന ആരോപണം തെളിയിച്ചാൽ രാജിവയ്‌ക്കാമെന്ന് സാഖറെ പറഞ്ഞു.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ ആർ.എസ്.എസ് പ്രവർത്തകരായ രാജേന്ദ്രപ്രസാദ് (39), കെ.എം. രതീഷ് (31) എന്നിവരെ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി. ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകരായ അർഷാദ് നവാസ് (22), സുധീർ (34), ആസിഫ് സുധീർ അച്ചു (19), അലി അഹമ്മദ് (18), നിഷാദ് (36) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertisement
Advertisement