പോരാട്ടങ്ങളുടെ തുടർയാത്ര

Wednesday 22 December 2021 11:47 PM IST


ആദർശത്തിൽ നിന്ന് വ്യതിചലിക്കാത്ത നിലപാട്, വഹിക്കുന്ന പദവിയോടുള്ള പ്രതിബദ്ധത, ആഴത്തിലുള്ള പഠനം, കഠിനപ്രയത്നം, സ്ഥിരോത്സാഹം.... അതായിരുന്നു സുഹൃത്തുക്കളും സഹപ്രവർത്തകരും പി.ടി എന്നു ചുരുക്കി വിളിക്കുന്ന പി.ടി. തോമസ്. സഹപ്രവർത്തകൻ മാത്രമല്ല, എനിക്ക് ഇളയ സഹോദരനെപ്പോലെയായിരുന്നു പി.ടി. ഈ വിയോഗം അപ്രതീക്ഷിതവും വേദനാജനകവുമാണ്.

1970കളിൽ തിരുവനന്തപുരം മാർ ഇവാനിയോസിൽ പ്രീഡിഗ്രി പഠനത്തിനെത്തിയ പി.ടിയോട് അന്നു മുതൽ ഇഷ്ടമായിരുന്നു. കോളേജ് യൂണിയൻ സെക്രട്ടറിയായ പി.ടി, വരാനിരിക്കുന്ന പോരാട്ടങ്ങളുടെ സൂചന നൽകി. തൊടുപുഴ ന്യൂമാൻ കോളേജിൽ ചെയർമാനും മഹാരാജാസ് കോളേജിൽ കൗൺസിലറുമായി പി.ടി രാഷ്ട്രീയപ്പോരാട്ടങ്ങൾക്ക് മൂർച്ച കൂട്ടി.

പി.ടി. തോമസിന് കോൺഗ്രസ് ജീവവായു ആയിരുന്നു. എതിരാളികളുടെയും പൊലീസിന്റെയും മർദ്ദനം പലവട്ടം ഏറ്റുവാങ്ങിയാണ് പി.ടി എന്ന ജനനേതാവ് ഉദയം ചെയ്തത്. ഇടുക്കിയിൽ തൊടുപുഴ ന്യൂമാൻ കോളേജും കട്ടപ്പന ജൂനിയർ കോളേജും മാത്രമുണ്ടായിരുന്നപ്പോഴാണ് പി.ടി. തോമസ് കെ.എസ്.യു ജില്ലാ പ്രസിഡന്റായത്. അക്കാലത്ത് ജില്ലയിലെ സ്‌കൂളുകൾ തോറും കയറിയിറങ്ങി സംഘടനാ യൂണിറ്റുകൾ സ്ഥാപിക്കുക മാത്രമായിരുന്നില്ല, ജില്ലയിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നിരന്തരം പോരാടുകയും ചെയ്തു. ഇടുക്കിയുടെ പിന്നാക്കാവസ്ഥക്കെതിരെയുള്ള പോരാട്ടത്തിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു.

മുഖം നോക്കാതെയുള്ള പോരാട്ടം വിദ്യാർത്ഥി നേതാവായിരിക്കുമ്പോഴേ പി.ടി പുറത്തെടുത്തു. കെ. കരുണാകരൻ മുഖ്യമന്ത്രിയും പി.ടി തോമസ് കെ.എസ്.യു പ്രസിഡന്റുമായിരിക്കുമ്പോൾ നടന്ന സംസ്ഥാന ക്യാമ്പിൽ,​ സർക്കാർ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരെ നിലപാടെടുത്തു. പ്രായോഗിക രാഷ്ട്രീയത്തിലെ അജ്ഞതകൊണ്ടാണ് പി.ടി ഈ നിലപാടെടുക്കുന്നതെന്നും കൊക്കിന് ജീവനുണ്ടെങ്കിൽ നടപ്പാക്കിയിരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എങ്കിൽ കെ.എസ്.യുവിന്റെ പോരാട്ടം നേരിടാൻ തയ്യാറായിക്കോ എന്നു പി.ടിയും തിരിച്ചടിച്ചു.

അന്തർ സംസ്ഥാന നദീജല തർക്കങ്ങൾ പഠിക്കുന്നതിനുള്ള നിയമസഭാ സമിതിയിൽ അംഗമായിരിക്കെ, മുല്ലപ്പെരിയാർ, പറമ്പിക്കുളം-ആളിയാർ കരാറുകൾ സംബന്ധിച്ച് പി.ടി. തോമസ് ആഴത്തിൽ പഠിച്ചവതരിപ്പിച്ചു. പിന്നീട് ലോക്‌സഭാംഗമായപ്പോഴും മുല്ലപ്പെരിയാർ പ്രശ്നം നന്നായി അവതരിപ്പിക്കാനായി. പരിസ്ഥിതി സംരക്ഷണത്തിൽ അദ്ദേഹത്തിന് വിട്ടുവീഴ്ചകളില്ല. കോൺഗ്രസിന്റെ പോരാട്ട ചരിത്രത്തിലെ ഒരു സുവർണാദ്ധ്യായമാണ് അടയുന്നത്. വരും തലമുറകൾ ഈ പോരാട്ടം ഏറ്റെടുക്കുമ്പോൾ പി.ടിയുടെ ജന്മം സഫലമാവുകയാണ്.

Advertisement
Advertisement