സഫാനയ്ക്ക് സ്നേഹ വീടുമായി എസ്.എൻ ട്രസ്റ്റ്

Thursday 23 December 2021 12:54 AM IST

സഫാനയുടെ വീടിന്റെ തറക്കല്ലിടൽ കർമ്മം വി.പി.ചന്ദ്രൻ നിർവഹിക്കുന്നു.

ഷൊർണൂർ: വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഫാനയ്ക്ക് സ്നേഹ വീടൊരുക്കാൻ ഷൊർണൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കൈ കോർക്കുന്നു. എസ്.എൻ.ഡി.പി, എസ്.എൻ ട്രസ്റ്റ് പ്രസ്ഥാനങ്ങളുടെ അമരത്ത് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ കർമ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭവന സഹായം. പട്ടാമ്പി ഓങ്ങല്ലൂർ കാരക്കാട് ചേരി കല്ലിൽ അബ്ദുൾ സലാമിന്റെ മകളാണ് സഫാന. സ്വന്തമായി നല്ലൊരു വീടില്ലാത്ത സഫാനയുടെ സ്വപ്ന ഭവനത്തിന് നിറം കൊടുക്കാൻ എസ്.എൻ.ട്രസ്റ്റിലെ സഹപാഠികളും അദ്ധ്യാപകരും അനദ്ധ്യാപകരും പി.ടി.എ അംഗങ്ങളും എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളും ഒരേ മനസോടെ കൈ കോർക്കുകയായിരുന്നു. സഫാനയുടെ വീടിന്റെ തറക്കല്ലിടൽ കർമ്മം എസ്.എൻ.ഡി.പി യോഗം ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റും എസ്.എൻ. ട്രസ്റ്റ് ആർ.ഡി.സി.ചെയർമാനുമായ വി.പി. ചന്ദ്രൻ നിർവഹിച്ചു. ഓങ്ങല്ലൂർ പഞ്ചായത്ത് അംഗം റജീന, എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ സെക്രട്ടറി സി.സി. ജയൻ ,ബോർഡ് അംഗം ബി. വിജയകുമാർ, സ്കൂൾ പ്രിൻസിപ്പൽ ശോഭ പണിക്കർ, പ്രധാന അദ്ധ്യാപിക കൃഷ്ണ കുമാരി, അദ്ധ്യാപകരായ ശിവദാസൻ, ജുഗേഷ്, ബിജു, ഹരിത, വിദ്യാർത്ഥിനി സഫാന, പിതാവ് അബ്ദുൾ സലാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement