രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിൽ മേയറുടെ കാർ കയറ്റി,​ പ്രതിമാ അനാവരണചടങ്ങിൽ ഗുരുതര പിഴവുകൾ,​ സുരക്ഷാവീഴ്‌ചയിൽ അന്വേഷണത്തിന് ഇന്റലിജൻസ്

Friday 24 December 2021 9:28 PM IST

തിരുവനന്തപുരം: രാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയിൽ സംസ്ഥാന - കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തിയേക്കും. മേയർ ആര്യാ രാജേന്ദ്രേന്റെ കാർ മുന്നറിയിപ്പില്ലാതെ വാഹനവ്യൂഹത്തിലേക്ക് കയറ്റിയതും പൂജപ്പുരയിൽ നടന്ന പി.എൻ. പണിക്കർ പ്രതിമാ അനാവരണച്ചടങ്ങിലുണ്ടായ പിഴവുകളിലുമാണ് അന്വേഷണം നടത്തുന്നത്.

വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്‌ക്കിടെ ഇന്നലെയായിരുന്നു സംഭവം. . തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മുതൽ ജനറൽ ആശുപത്രി വരെയുള്ള ഭാഗത്താണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത്. ജനറൽ ആശുപത്രിയിലേക്ക് എത്തിയപ്പോൾ എട്ടാമത്തെ വാഹനത്തിനിടയിലേക്ക് മേയറുടെ കാർ കയറ്റുകയായിരുന്നു. അതോടെ പുറകിലുണ്ടായിരുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നു.ആകെ 14 വാഹനങ്ങളാണ് രാഷ്ട്രപതിയ്‌ക്ക് അകമ്പടി പോകുന്നത്. തല നാരിഴയ്ക്കാണ് അപകടം ഒഴിഞ്ഞതെന്ന് പൊലീസും കേന്ദ്ര ഇന്റലിജൻസ് വിഭാഗവും പറയുന്നു. മേയറുടെ വാഹനം ഇടയ്‌ക്ക് കയറ്റിയതോടെ അതിന് പുറകിലായി ഫയർഫോഴ്സും ആംബുലൻസുമുൾപ്പെടെയുള്ള മറ്റു വാഹനങ്ങൾ.രണ്ടാമത്തെ വാഹനത്തിലാണ് രാഷ്ട്രപതി സഞ്ചരിച്ചത്. കേന്ദ്രത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനുള്ളിലേക്ക് എത്ര വലിയ വി.ഐ.പി ആയാലും മറ്റൊരു വാഹനം കയറാനുള്ള അനുവാദമില്ല.

പ്രതിമാ അനാച്ഛാദന ചടങ്ങിനിടെ രാഷ്ട്രപതിക്കായി ഒരുക്കിയ ടോയ്‌ലെറ്റിൽ വെള്ളം ലഭിക്കാത്തതും വേദിയിലെ ഇരിപ്പിടത്തിലുണ്ടായ അപാകതയും ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കും. പൂജപ്പുരയിലെ ഉദ്ഘാടന വേദിയോട് ചേര്‍ന്ന് രാഷ്ട്രപതിക്കായി ഒരുക്കിയ വിശ്രമമുറിയിലെ ടോയ്‌ലെറ്റിൽ ഉപയോഗിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല. വാട്ടര്‍ കണക്ഷന്‍ നല്‍കാതെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര പിഴവാണുണ്ടായത്. പുറത്തുനിന്ന് വെള്ളം കൊണ്ടുവരുന്നതുവരെ രാഷ്ട്രപതിക്ക് കാത്തുനില്‍ക്കേണ്ടി വന്നു. ഇത് ചടങ്ങ് വൈകാനും കാരണമായി.ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ പ്രഥമ വനിതയ്ക്ക് ഇരിപ്പിടം തയ്യാറാക്കിയതും പ്രോട്ടോക്കോള്‍ ലംഘനമാണ്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ രാഷ്ട്രപതിയുടെ ഭാര്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധിക്കാതെയാണ് ഇരിപ്പിടം തയ്യാറാക്കിയത്. പിന്നീട് ചടങ്ങിന് തൊട്ടുമുമ്പ് ഈ ഇരിപ്പിടം എടുത്തുമാറ്റേണ്ടിയും വന്നു.

ഇക്കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സുകള്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. സംഘാടകരില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

Advertisement
Advertisement