'എം.ടിയുടെ കുട്ട്യേടത്തി'ക്ക് വേണം  തലചായ്ക്കാൻ സ്വന്തമായൊരിടം

Saturday 25 December 2021 1:05 AM IST

കോഴിക്കോട്: കുട്ട്യേടത്തി വിലാസിനിക്ക് ഒരു വീടുവേണം. 162 സിനിമകളിലും നൂറോളം സീരിയലുകളിലും അതിലേറെ നാടകങ്ങളിലും അഭിയിച്ച കുട്ട്യേടത്തിക്ക് ജീവിതത്തിന്റെ ഈ സായാഹ്നത്തിൽ അതുമാത്രമാണ് ആഗ്രഹം. കോഴിക്കോട് തിരുവണ്ണൂരിലെ മകന്റെ വീടിന്റെ മുകൾനിലയിലെ മുറിയാണ് ഇപ്പോൾ വിലാസിനിയുടെ ലോകം. മൂന്നുസെന്റ് ഭൂമി കിട്ടുമെങ്കിൽ താരസംഘടനയായ അമ്മ വീട് പണിതുനൽകാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. അതിനെന്താണ് വഴി? കടത്തിന്റെ കണക്കുപുസ്തകം മാത്രമാണ് വിലാസിനിയുടെ ശേഷിപ്പ്. അഭിനയത്തിൽ തിളങ്ങിനിന്നപ്പോൾ 15 സെന്റ് ഭൂമിയും വീടുമുണ്ടായിരുന്നു. മക്കളുടെ പഠനം, ജോലി, വിവാഹം, അവരുടെ കുട്ടികളുടെ പഠനം, കല്യാണം... ആവശ്യങ്ങൾ ഏറിവന്നതോടെ ലഭിച്ച പുരസ്കാരങ്ങൾ ഒഴികെ എല്ലാം വിറ്റുപോയി. അമ്മ സംഘടനയും സംസ്ഥാന സർക്കാരും നൽകുന്ന പെൻഷൻ തുകയിലാണ് ഇപ്പോഴത്തെ ജീവിതം. ബ്രോണി എന്നായിരുന്നു പേര്. നാടകലോകമാണ് വിലാസിനി എന്ന പേര് നൽകിയത്. എം.ടി.വാസുദേവൻ നായരുടെ കുട്ട്യേടത്തിയിൽ സത്യന്റെ നായികയായതോടെ വിലാസിനി കുട്ട്യേടത്തിയും അതുപിന്നെ 'കുട്ട്യേടത്തി വിലാസിനി'യുമായി. 1971ൽ പുറത്തിറങ്ങിയ കുട്ട്യേടത്തിയിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ അവാർഡും 1976ൽ രാമുകാര്യാട്ടിന്റെ ദ്വീപിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ എടക്കുളം വീട്ടിൽ ജോസഫിന്റെയും അന്നമ്മയുടെയും അഞ്ച് മക്കളിൽ നാലാമതായി ജനിച്ച ബ്രോണി പതിമൂന്നാം വയസിൽ പൊൻകുന്നം വർക്കിയുടെ പൂജ എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റംകുറിച്ചത്. അവസരങ്ങൾ തട്ടിത്തെറിച്ചുപോകാതിരിക്കാനാണ് കൊച്ചുകുട്ടനാശാൻ ബ്രോണിയെ വിലാസിനിയാക്കിയത്. ഭർത്താവ് ഇഗ്നേഷ്യസിന്റെ നാടകക്കമ്പവും വിലാസിനിക്ക് കരുത്തായി. കെ.ടി.മുഹമ്മദ്, തിക്കോടിയൻ തുടങ്ങിയവരുടെ നാടകങ്ങളിൽ അഭിനയിച്ചു. 1966, 67, 68 വർഷങ്ങളിൽ കേരള സംഗീത നാടക അക്കാഡമിയുടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. രണ്ടുമക്കൾ. ജോയിയും റോയിയും. മൂത്തമകൻ ജോയിയുടെ മരണത്തോടെ കഴിഞ്ഞ ഒരുവർഷമായി തളർന്ന മനസ്സുമായി കഴിയുകയാണ് വിലാസിനി.