കൊവിഡ് വ്യാപനം ; നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു എ ഇയിൽ വിലക്ക്

Saturday 25 December 2021 2:45 PM IST

ദുബായ്: കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി യു എ ഇ. ഇന്ന് രാവിലെ ഏഴര മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു.

കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവർക്കാണ് പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇവിടെനിന്നുള്ള രാജ്യാന്തര വിമാനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ട്രാൻസിറ്റ് യാത്രക്കാർ, 14 ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർ എന്നിവരും നിയന്ത്രണ പരിധിയിൽ ഉൾപ്പെടും.

യു എ ഇയിൽ നിന്നും ഈ രാജ്യങ്ങളിലേയ്ക്കുള്ള സർവീസ് തുടരും. നയതന്ത്രപ്രതിനിധികൾ, ഗോൾഡൻ വീസയുള്ളവർ, യു എ ഇ പൗരൻമാർ, കുടുംബാംഗങ്ങൾ എന്നിവരെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവർ യാത്രയുടെ 48 മണിക്കൂറിനകമുള്ള കൊവിഡ് പരിശോധനാ ഫലം, പുറപ്പെടുന്ന വിമാനത്താവത്തിൽ നിന്ന് ആറ് മണിക്കൂറിനകമുള്ള റാപിഡ് പി സി ആർ പരിശോധനാ ഫലം എന്നിവ കൈയിൽ കരുതണം.

യു എ ഇ വിമാനത്താവളത്തിലും പി സി ആർ പരിശോധനയുണ്ടാകും. കഴിഞ്ഞ ആഴ്ച കോംഗോയിൽ നിന്നുള്ള യാത്രക്കാർക്കും യു എ ഇ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Advertisement
Advertisement