സിയാൽ അഗ്നിരക്ഷ സേനയിൽ പാസിംഗ് ഔട്ട് പരേഡ്

Monday 27 December 2021 12:12 AM IST

നെടുമ്പാശേരി: കൊച്ചി വിമാനത്താനത്താവളത്തിന്റെ അഗ്നിരക്ഷ സേനയിൽ (എ.ആർ.എഫ്.എഫ്-എയർപോർട്ട് റസ്‌ക്യൂ ആൻഡ് ഫയർ ഫോഴ്‌സ്) പുതിയ അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. നാലുമാസത്തെ തീവ്രപരിശീലന പദ്ധതി വിജയകരമായി പൂർത്തിയാക്കിയ 13 ജൂനിയർ അസിസ്റ്റന്റ് ട്രെയിനികളാണ് 105 അംഗ സിയാൽ എ.ആർ.എഫ്.എഫ് ഭാഗമായത്. ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവരെയാണ് സിയാൽ ഈ തസ്തികയിലേയ്ക്ക് വിവിധ പരീക്ഷകൾക്കുശേഷം തിരഞ്ഞെടുക്കാറുള്ളത്. വിമാനത്താവള അഗ്നിരക്ഷാസേനയിൽ പ്രവർത്തിക്കണമെങ്കിൽ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐകാവോ) അംഗീകരിച്ച സിലബസിലുളള തീവ്രപരിശീലന പരിപാടി പൂർത്തിയാക്കണം. എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ ഡൽഹി, കൊൽക്കത്ത കേന്ദ്രങ്ങളിലാണ് ഈ പരിശീലനം നടക്കുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പരിശീലന പദ്ധതി നടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ സിയാലിന്റെ ഏവിയേഷൻ അക്കാഡമി ഈ പരിശീലന പദ്ധതി ഏറ്റെടുക്കുകയും ഐകാവോ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. സിയാൽ അക്കാഡമി ആദ്യമായാണ് ഇൗ പരിശീലന പദ്ധതി ഏറ്റെടുത്തത്. 2021 സെപ്തംബറിൽ പരിശീലനം തുടങ്ങി. സിയാൽ ജീവനക്കാർക്കൊപ്പം കേരള ഫയർഫോഴ്‌സ്, ബി.പി.സി.എൽ എന്നിവയിലെ ജീവനക്കാരുടെ സംഘങ്ങളും വിവിധഘട്ടങ്ങളിൽ പരിശീലന പദ്ധതിയിൽ പങ്കെടുത്തു. അഗ്നിരക്ഷ മുതൽ മൗണ്ടനീയറിംഗ് വരെയുള്ള പാഠ്യപദ്ധതിയ്ക്കായി ദേശീയതലത്തിൽ അറിയപ്പെടുന്ന വിദഗ്‌ദ്ധരെ എത്തിച്ചാണ് സിയാൽ ആദ്യ കോഴ്‌സ് പൂർത്തിയാക്കിയത്. സിയാൽ അക്കാഡമി പരിസരത്ത് നടന്ന പാസിംഗ് ഔട്ട് പരേഡിൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് അഭിവാദ്യം സ്വീകരിച്ചു. അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിന് ശേഷം സിയാൽ എ.ആർ.എഫ്.എഫിന്റെ ഡ്രിൽ നടന്നു

ഏറെ വൈദഗ്‌ധ്യവും വേഗതയും ആവശ്യപ്പെടുന്ന വിമാനത്താവള സുരക്ഷാ സേനയിലേയ്ക്ക് ഐകാവോ സിലബസിന് അനുസൃതമായി ആദ്യമായി പരിശീലന പദ്ധതി പൂർത്തിയാക്കാനായതിൽ അഭിമാനമുണ്ട്

എസ്.സുഹാസ്,​

മാനേജിംഗ് ഡയറക്ടർ

സിയാൽ

Advertisement
Advertisement