കരാഞ്ചിറ സ്‌കൂളിൽ ഓർമ്മകൾ പങ്കിട്ട് എം.എ യൂസഫലി എത്തി

Sunday 26 December 2021 11:22 PM IST

കാട്ടൂർ: അമ്പത്തൊന്ന് വർഷം മുമ്പ് താൻ പഠിച്ച സ്‌കൂളിൽ ഓർമ്മകൾ പങ്കിടാനും കൂട്ടുകാരോടൊപ്പം ക്ലാസ് റൂമിൽ ഇരിക്കാനും എം.എ. യൂസഫലി എത്തി. താൻ പഠിച്ച കരാഞ്ചിറ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലേക്കാണ് കരാഞ്ചിറയിൽ സ്വകാര്യ ചടങ്ങിനെത്തിയ യൂസഫലി എത്തിയത്. സ്‌കൂൾ ഗ്രൗണ്ടിലാണ് ഹെലികോപ്ടർ ഇറക്കിയത്. ജപ്തി ഭീഷണിയിൽ നിന്ന് കൂട്ടുകാരനെ തിരികെ ജീവിതത്തിൽ എത്തിക്കാനുള്ള ഇടപെടൽ നടത്തിയായിരുന്നു മടക്കം.

1970കളിൽ എട്ടാം ക്ലാസ് മുതൽ എസ്.എസ്.എൽ.സി വരെ യൂസഫലി ഇവിടെയാണ് പഠിച്ചത്. സ്‌കൂൾ മുറ്റത്ത് വൃക്ഷത്തെ നടണമെന്ന് പ്രധാന അദ്ധ്യാപകൻ യൂസഫലിയോട് ആവശ്യപ്പെട്ടതോടെയാണ് വർഷങ്ങൾക്ക് ശേഷമുള്ള ഒത്തുചേരലിന് വഴിയൊരുങ്ങിയത്.
ഹാജർ ബുക്കിൽ പതിനാലാമനായി പേരുള്ള വിദ്യാർത്ഥി താൻ തന്നെയെന്ന് അദ്ദേഹം അദ്ധ്യാപകരെ ഓർമ്മിപ്പിച്ചു. പുഞ്ചിരിക്കാൻ പഠിപ്പിച്ച അദ്ധ്യാപകരെയും, കൂടെ കളിച്ച കൂട്ടുകാരെയും കണ്ട് സ്‌നേഹം പങ്കിട്ടു. പ്രധാന അദ്ധ്യാപകനോടും, തന്നെ പഠിപ്പിച്ച ലോനപ്പൻ മാഷിനോടും, സഹപാഠികളോടും വിശേഷം ചോദിച്ചറിഞ്ഞു. ചുറ്റും കൂടിയവർക്കിടയിൽ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച ഉറ്റകൂട്ടുകാരനായ പി.എം സുകുമാരനെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു.
അടുത്തുചെന്ന് കുശലാന്വേഷണം നടത്തി. സമീപത്തെ ദേവസിച്ചേട്ടന്റെ ചായപ്പീടികയെ കുറിച്ചും അന്വേഷിച്ചു. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച എം.എ. യൂസഫലി സ്‌കൂൾ മുറ്റത്ത് എല്ലാവരോടുമൊപ്പം മാവിൻ തൈ നട്ടു. സന്തോഷ നിമിഷങ്ങൾക്ക് ഇടയിലാണ് പ്രിയകൂട്ടുകാരന്റെ വീട് ജപ്തിയിലാണെന്ന് അറിഞ്ഞത്. അതോടെ ജപ്തി ഒഴിവാക്കാൻ സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് അറിയിച്ചു. സ്‌കൂളിലെ എന്ത് കുറവുകൾക്കും വിളിക്കണമെന്ന് അദ്ധ്യാപകരെയും ഓർമ്മിപ്പിച്ചു. കൊവിഡ് പ്രശ്‌നങ്ങളൊക്കെ മാറിയ ശേഷം സ്‌കൂൾ വാർഷികത്തിന് കാണാമെന്ന് ഉറപ്പ് നൽകിയായിരുന്നു മടക്കം.

Advertisement
Advertisement