പൂക്കോട് - വനപർവം സർവീസിന് തുടക്കം, ആനവണ്ടിയിൽ അടിപൊളി ഉല്ലാസയാത്ര

Monday 27 December 2021 12:02 AM IST
കെ.എസ്.ആർ.ടി.സിയുടെ പൂക്കോട് -തുഷാരഗിരി -വനപർവം വിനോദയാത്രാവണ്ടി പുറപ്പെടാനുളള ഒരുക്കത്തിൽ

കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള കെ.എസ്.ആർ.ടി.സിയുടെ പൂക്കോട് -തുഷാരഗിരി -വനപർവം സർവീസിന് തുടക്കമായി. വടക്കേ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രം, കാക്കവയൽ വനപർവം, താമരശ്ശേരി ചുരം, പൂക്കോട് തടാകം എന്നിവയെ ബന്ധിപ്പിച്ചുള്ള യാത്ര രാവിലെ ഏഴോടെ താമരശ്ശേരി ഡിപ്പോയിൽ നിന്ന് പുറപ്പെട്ടു. പ്രത്യേകം തയ്യാറാക്കിയ രണ്ട് ബസുകളിലായി 95 പേരാണ് കന്നി യാത്രയ്ക്കുണ്ടായിരുന്നത്. ആദ്യം ഒരു ബസാണ് തീരുമാനിച്ചിരുന്നതെങ്കിലും ആളുകൾ കൂടിയതോടെ രണ്ട് ബസ്സാക്കുകയായിരുന്നു. ഒരു ദിവസം കൊണ്ട് വയനാട്ടിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച് തിരിച്ചുവരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരുന്നത്. താമരശ്ശേരി ഡിപ്പോയിൽ നിന്ന് അടിവാരത്തെത്തി പ്രഭാത ഭക്ഷണത്തിന് ശേഷമാണ് വയനാട് പൂക്കോട് തടാകത്തിലേക്ക് ബസ് പുറപ്പെട്ടത്. ബോട്ടിംഗ് ഉൾപ്പെടെ ആസ്വദിച്ചശേഷമായിരുന്നു മടക്കം. കരിന്തണ്ടൻ ക്ഷേത്രം, ലക്കിടി വ്യൂ പോയന്റ് , ചിപ്പിലിത്തോട്, തുഷാരഗിരി ഇക്കോ ടൂറിസം സെന്റർ, നൂറാംതോട്, അടിവാരം, ഒടുങ്ങാക്കാട്, കാക്കവയൽ വനപർവം എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത് വെെകീട്ട് 7 മണിയോടെ താമരശ്ശേരി ഡിപ്പോയിലെത്തി. രാവിലെയും വെെകീട്ടുമുള്ള ലഘുഭക്ഷണവും ഉച്ചയൂണും സന്ദർശന സ്ഥലങ്ങളിലെ എൻട്രി ഫീസുമടക്കം ഒരു യാത്രക്കാരനിൽ നിന്ന് 650 രൂപയാണ് ഈടാക്കിയത്. താമരശ്ശേരി ട്രാൻസ്പോർട്ട് ഓഫീസർ പി രഞ്ജിത്ത് ഫ്ളാഗ് ഓഫ് ചെയ്തു.

അടുത്ത അവധി ദിനത്തിലേക്കുള്ള ബുക്കിംഗ് ഇന്ന് ആരംഭിക്കും. 0495 2222217, 8848490187 എന്നീ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

''പൊതു ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇനിയുള്ള അവധി ദിവസങ്ങളിൽ ബുക്കിംഗ് അനുസരിച്ച് സർവീസുകൾ തുടരും''-

പി. രഞ്ജിത്ത്, താമരശ്ശേരി ട്രാൻസ്പോർട്ട് ഓഫീസർ

Advertisement
Advertisement