നട്ടെല്ല് തകർന്നവർക്കും എഴുന്നേറ്റു നിൽക്കാം,​ 'എറൈസ് ' വീൽ ചെയർ കേരളത്തിലെത്തി

Sunday 26 December 2021 11:35 PM IST

കൊച്ചി: അപകടത്തിലോ വീഴ്ചയിലോ നട്ടെല്ലിനു പരിക്കേറ്റ് ആജീവനാന്തം കിടപ്പിലായവർക്ക് സ്വയം എഴുന്നേറ്റു നിൽക്കാം; അത്യാവശ്യ കർമ്മങ്ങൾ നിർവഹിക്കാം. ഇതിനുള്ള 'സ്റ്റാൻഡിംഗ് വീൽചെയർ' കേരളത്തിലെത്തി.

രണ്ടുവർഷം മുമ്പാണ് മദ്രാസ് ഐ.ഐ.ടി 'എറൈസ് ' എന്ന പേരിൽ ഇതിനു രൂപംനൽകിയത്. അതിന്റെ സ്റ്റാർട്ട് അപ് സ്ഥാപനമായ ടി.ടി.കെ സെന്റർ ഫോർ റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് ഡിവൈസ് ഡെവലപ്‌മെന്റാണ് ചെയർ വില്പനയ്ക്ക് സജ്ജമാക്കിയത്. ഓരോ രോഗിക്കും അനുയോജ്യമായ രീതിയിലാണ് നിർമ്മാണം. ഇത്തരം രോഗികളെ പരിചരിക്കുന്ന സന്നദ്ധ സംഘടനകൾവഴി ആവശ്യക്കാർക്ക് നൽകും. സ്പോൺസർഷിപ്പിലൂടെ രോഗികൾക്ക് സമ്മാനിക്കാനും കഴിയും. കേരളത്തിൽ ഈ ദൗത്യം കോതമംഗലത്തെ

സന്നദ്ധ സംഘടനയായ പീസ് വാലി ഏറ്റെടുത്തു.

സാധാരണ വീൽചെയറായും ഉപയോഗിക്കാം

ശരീരം ഉയർത്തുന്നത് എയർ സ്പ്രിംഗുകൾ

ലിവർ വലിച്ച് ചെയർ നിവർത്തി ഫുട് റെസ്റ്റിൽ നിൽക്കാം

കാൽമുട്ടിനും ശരീരത്തിന്റെ മുകൾഭാഗത്തിനുമാണ് താങ്ങ് നൽകുന്നത്

120 കിലോ ഭാരമുള്ളവർക്ക് വരെ ഉപയോഗിക്കാം

ചുരുങ്ങിയ ചെലവിൽ യന്ത്രവൽകൃതമാക്കാം

ഉപയോഗങ്ങൾ

പരസഹായം കൂടാതെ വസ്ത്രം മാറാം

 നിന്നുകൊണ്ട് ചെറിയ കാര്യങ്ങൾ ചെയ്യാം

 നിന്നുകൊണ്ട് ചെറിയ കളികളിൽ ഏർപ്പെടാം

 ഞൊടിയിടയിൽ എഴുന്നേൽക്കാം, ഇരിക്കാം

 നിരപ്പല്ലാത്ത പ്രതലങ്ങളിലും ഉപയോഗിക്കാം

15,000 രൂപ

വില

സുഷുമ്നാ നാഡിയിലെ പരിക്ക്

പാരാപ്ളീജിയ : സുഷുമ്നാ നാഡിക്കുണ്ടാകുന്ന പരിക്കുകളെ തുടർന്ന് അരയ്ക്ക് താഴെ തളർന്നുപോകുന്ന രോഗാഅവസ്ഥ. ഇരുകാലുകൾക്കും ചലനശേഷി നഷ്ടപ്പെടും. മരുന്നു കൊണ്ടും മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്താലും പരാശ്രയം പരമാവധി കുറയ്ക്കാനാവും.

സ്പോൺസർഷിപ്പിലൂടെ വീൽചെയർ വാങ്ങി നൽകാനാണ് നീക്കം.

രാജീവ് പള്ളുരുത്തി

സംസ്ഥാന സെക്രട്ടറി
ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ (പീസ് വാലി വൈസ് ചെയർമാൻ)

Advertisement
Advertisement