ശിവഗിരി തീർത്ഥാടനം : ഒരുക്കങ്ങൾ പൂർണ്ണം

Monday 27 December 2021 12:10 AM IST

ശിവഗിരി: ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ നടക്കുന്ന 89-ാമത് തീർത്ഥാടനത്തിനുളള അവസാനവട്ട ഒരുക്കത്തിലാണ് ശിവഗിരി. ഒമിക്രോൺവ്യാപന ഭീഷണിയുടെ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും തീർത്ഥാടനം.

തീർത്ഥാടകർക്ക് കോവിഡ് പോസിറ്റീവായാൽ ക്വാറന്റൈൻ അടക്കമുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അലോപ്പതി,ആയുർവ്വേദ, ഹോമിയോപ്പതി വിഭാഗങ്ങളുടെ 24 മണിക്കൂർ സേവനവും ഉണ്ടായിരിക്കും. പ്രധാന നിരത്തുകളിലെല്ലാം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.. തീർത്ഥാടന ദിവസങ്ങളിൽ ശിവഗിരിക്കു ചുറ്റും 95 പോയിന്റുകളിലായി അഞ്ഞൂറിലധികം പൊലീസുകാരെ വിന്യസിക്കും. തീർത്ഥാടകർക്ക് മുടക്കമില്ലാതെ കുടിവെളളവും വൈദ്യുതിയും ലഭ്യമാക്കും. ശിവഗിരിയിലേക്ക് പ്രധാന റൂട്ടുകളിൽ നിന്നെല്ലാം കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസുകൾ നടത്തും.

അനിയന്ത്രിതമായ തിരക്ക് കുറയ്ക്കുന്നതിന് ഇത്തവണ ജനുവരി 5 വരെ തീർത്ഥാടനം നീട്ടിയിട്ടുണ്ട്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് എ.ഡി.എം ഇ.മുഹമ്മദ് സമീറിന്റെ അദ്ധ്യക്ഷതയിൽ യോഗം ശിവഗിരിയിൽ ചേർന്നു. വി.ജോയി എം.എൽ.എ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ട്രസ്റ്റ് ബോർഡംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ, മീഡിയാകമ്മിറ്റി ചെയർമാൻ ഡോ.എം.ജയരാജു എന്നിവരും പങ്കെടുത്തു.ഡിസംബർ 29 മുതൽ ജനുവരി 1 വരെ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ശിവഗിരി പാഞ്ചജന്യം ആഡിറ്റോറിയത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും സ്റ്റാളുകളും ഫോട്ടോ പ്രദർശനവും ഉണ്ടായിരിക്കും.

ക്രിസ്മസ് ദിനത്തിലും ഞായറാഴ്ചയും ഭക്തജനങ്ങളുടെ വലിയ തിരക്കായിരുന്നു .മഹാഗുരുവിന്റെ തൃപ്പാദങ്ങൾ പതിഞ്ഞ മണ്ണ് തൊട്ട് നെറുകയിൽ വച്ച് പ്രാർത്ഥനാപൂർവ്വമാണ് ഭക്തജനങ്ങൾ ആശ്രമവളപ്പിലേക്ക് പ്രവേശിച്ചത്. ശാരദാമഠത്തിൽ അഭയസ്വരൂപിണിയായ അക്ഷരാത്മികയുടെ മുമ്പിലും ഗുരുദേവൻ സമാധി പ്രാപിച്ച വൈദികമഠത്തിലും മഹാസമാധിസന്നിധിയിലും ദർശനത്തിനുളള ഊഴം കാത്ത് തിങ്ങി നിറഞ്ഞു. ശിവഗിരിയിലേക്കുളള റോഡിനിരുവശവും ഒന്നര കിലോമീറ്റർ ദൂരത്തോളം തീർത്ഥാടകരുടെ വാഹനങ്ങൾ നിരന്നുകിടന്നു.

തീർത്ഥാടനവേദിയിൽ ജ്വലിപ്പിക്കുന്നതിനുളള ദിവ്യജ്യോതിസ് തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ നിന്ന് കണ്ണൂർ സുന്ദരേശ്വരക്ഷേത്രത്തിന്റെയും കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രത്തിന്റെയും സഹകരണത്തോടെ പ്രയാണം ആരംഭിച്ചു. മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം വഴി 29ന് വൈകുന്നേരം 5 മണിക്ക് ശിവഗിരിയിൽ എത്തിച്ചേരും. തീർത്ഥാടനനഗറിൽ ഉയർത്തുന്നതിനുളള ധർമ്മപതാക കോട്ടയം നാഗമ്പടക്ഷേത്രത്തിൽ നിന്നും എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ ഡിസംബർ 29ന് വൈകുന്നേരം ശിവഗിരിയിൽ എത്തിച്ചേരും. ചേർത്തല മഹാസമാധി ദിനാചരണകമ്മിറ്റിയുടെ നേതൃത്വത്തിൽ കളവംകോടം ശ്രീശക്തീശ്വരക്ഷേത്രത്തിൽ നിന്ന് പതാക ഉയർത്താനുളള കൊടിക്കയർ വിജയഘോഷ് ചാരങ്കാട്ടിന്റെ നേതൃത്വത്തിലാണ് പദയാത്രയായി കൊണ്ടുവരുന്നത്. സമ്മേളനവേദിയിൽ സ്ഥാപിക്കുന്നതിനുളള ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹം എഴുന്നളളിച്ചുകൊണ്ടുളള രഥയാത്ര ഇലവുംതിട്ടയിൽ സരസകവി മൂലൂരിന്റെ വസതിയായ കേരളവർമ്മസൗധത്തിൽ നിന്നും ഡിസംബർ 28ന് തിരിച്ച് 29ന് മഹാസമാധിയിൽ എത്തിച്ചേരും. ഘോഷയാത്രയിലേക്കുളള ധർമ്മപതാകകൾ സേവനം യു.എ.ഇ, ഗുരുദേവ സോഷ്യൽ സൊസൈറ്രി ബഹ്റിൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്രി ബഹ്റിൻ, കുവൈറ്റ് സാരഥി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കൊണ്ടുവരുന്നത്. തീർത്ഥാടന ദിവസങ്ങളിൽ മഹാസമാധിമന്ദിരത്തിലെ ഗുരുദേവ വിഗ്രഹത്തിൽ ചാർത്താനുളള വസ്ത്രം ശ്രീലങ്കയിൽ നിന്ന് ടി.എസ്.പ്രകാശിന്റെയും ദേശബന്ധു ജയകുമാറിന്റെയും നേതൃത്വത്തിൽ കൊണ്ടുവരും.

Advertisement
Advertisement