സി.പി.എം ജില്ലാ സെക്രട്ടറി : കെ.പി.ഉദയഭാനു തുടർന്നേക്കും

Monday 27 December 2021 12:58 AM IST

പത്തനംതിട്ട: സി.പി.എം ജില്ലാസമ്മേളനത്തിന് ഇന്ന് അടൂരിൽ കൊടി ഉയരുമ്പോൾ പുതിയ ജില്ലാ സെക്രട്ടറി ആരെന്ന കാര്യത്തിൽ ചർച്ചകൾ സജീവം. ഒരാൾക്ക് തുടർച്ചയായി മൂന്നുതവണ ജില്ലാസെക്രട്ടറിയാകാമെന്ന മാനദണ്ഡം വച്ച് നിലവിലെ സെക്രട്ടറി കെ.പി.ഉദയഭാനുവിന് ഒടു ടേം കൂടി തുടരാൻ അവസരമുണ്ട്. പാർട്ടിയിൽ വിഭാഗീയത കനത്തുനിന്ന 2015ലെ റാന്നി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായ ഉദയഭാനു 2018ലെ തിരുവല്ല സമ്മേളനത്തിലും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇൗ സമ്മേളനത്തിലും അദ്ദേഹത്തെ തിരഞ്ഞെടുക്കുമെന്നാണ് സൂചന.

ഉദയഭാനു സെക്രട്ടറിയായ ശേഷമാണ് പൊതുതിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ ഇടതുപക്ഷത്തിന് വ്യക്തമായ മേധാവിത്വമുണ്ടായത്. പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ ലീഡ് കുത്തനെ കുറച്ചു. 2019ലെ കോന്നി നിയമസഭാ ഉപതിരഞ്ഞെടുപ്പോടെ ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായി. 2021ൽ അഞ്ച് മണ്ഡലങ്ങളിലും കുത്തകവിജയം ആവർത്തിച്ചു. യു.ഡി.എഫിന്റെ കുത്തകയായിരുന്ന തിരുവല്ല ഇൗസ്റ്റ് കോ ഒാപ്പറേറ്റീവ് ബാങ്കിലെ സി.പി.എമ്മിന്റെ ചരിത്ര വിജയം ഉദയഭാനുവിന്റെ നേതൃത്വത്തിന് ലഭിച്ച മറ്റൊരു അംഗീകാരമായിരുന്നു. മറ്റ് പാർട്ടികളിൽ നിന്ന് ഒട്ടേറെ ആളുകളെ സി.പി.എമ്മിലെത്തിക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി.

പാർട്ടിയിൽ നിലവിൽ വിഭാഗീയത ഇല്ലാത്തതിനാൽ സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരു പേര് ചർച്ച ചെയ്യപ്പെടുന്നില്ല. ഉദയഭാനു സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കിൽ മാത്രമേ മറ്റൊരു പേര് പരിഗണിക്കൂ. അടൂർ ഏരിയാകമ്മി​റ്റിയിൽ പെടുന്ന ഏനാദിമംഗലം സ്വദേശിയാണ് ഉദയഭാനു.

ഇത്തവണ ജില്ലാസെക്രട്ടറിയേറ്റിൽ ഒരു വനിതാപ്രാതിനിധ്യം ഉണ്ടാകും. എല്ലാ ജില്ലാ സെക്രട്ടറിയേറ്റുകളിലും വനിതാപ്രതാനിധ്യം ഉണ്ടാകണമെന്ന സംസ്ഥാന ഘടകത്തിന്റെ നിർദേശമുണ്ട്.

Advertisement
Advertisement