ഷൊർണൂരിൽ മാലിന്യ നീക്കമില്ല, മാലിന്യം നിറഞ്ഞ് നഗരപാത

Tuesday 28 December 2021 12:06 AM IST

ഷൊർണൂർ: നഗരത്തിലെ പാതരികുകളിൽ മാലിന്യം നിറഞ്ഞതോടെ ദുരിതത്തിലായി കാൽ നടയാത്രക്കാർ. നഗരത്തിനോട് ചേർന്ന് കിടക്കുന്ന ഡിവൈ.എസ്.പി ഓഫീസ് റോഡിലും മുതലിയാർ സ്ട്രീറ്റ് റോഡിലും മാലിന്യം നിറഞ്ഞതോടെ പ്രദേശവാസികളും ഏറെ ബുദ്ധിമുട്ടിലായി. മാലിന്യം റോഡിൽ കുമിഞ്ഞുകൂടിയിട്ട് ആഴ്ചകളായിട്ടും നീക്കം ചെയ്യാൻ നഗരസഭാ അധികൃതർ തയ്യാറാവാത്തതിനാൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.

പ്രശ്നത്തിനെതിരെ വാർഡ് കൗൺസിലർമാരോട് പരാതി പറഞ്ഞിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഷൊർണൂരിൽ വർഷങ്ങളായി തുടരുന്ന മാലിന്യ പ്രശ്നത്തിന് ഇതുവരെയായി ശാശ്വതമായ പരിഹാരം കാണാൻ നഗരസഭാ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. റോഡോരങ്ങളിൽ മാലിന്യം കവറുകളിലാക്കി നിക്ഷേപിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും നടപടിയില്ല. വീടുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും തുണികളും മറ്റുമാണ് റോഡുകളിൽ നിക്ഷേപിക്കുന്നത്. ഇത്തരം മാലിന്യം നിറച്ച ചാക്കുകെട്ടുകൾ തെരുവ് നായ്ക്കൾ കടിച്ചുവലിച്ച് പലയിടങ്ങളിലും ഇടുന്നതും പതിവാണ്. ഇതും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.

മാലിന്യസംഭരണ കേന്ദ്രമായി നഗരസഭയുടെ വ്യവസായ കേന്ദ്രം

ഷൊർണൂർ ജൂനിയർ ടെക്നിക്കൽ സ്‌കൂളിന് സമീപത്തെ ചെറുകിട വ്യവസായ കേന്ദ്രം നിലവിൽ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രമാണ്. വർഷങ്ങളായി തള്ളുന്ന മാലിന്യം നിറഞ്ഞിരിക്കുകയാണ് ഇവിടെ. വിദ്യാർത്ഥികൾക്ക് ചെറുകിട വ്യവസായിക രംഗത്തെ കുറിച്ചുള്ള പഠന കേന്ദ്രമായിരുന്ന ഈ എസ്.ഐ.എസ്.ഐ സെന്റർ നഗരസഭ ഏറ്റെടുത്തതിന് ശേഷം ഇതുവരെയായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റിയിരിക്കയാണ് നഗരസഭ.

കാട്ടുപന്നി ഭീഷണിയും

സമീപത്തെ വിദ്യാലയത്തിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും ഭീഷണിയാണ് മാലിന്യ സംഭരണ കേന്ദ്രമായിത്തീർന്ന ഈ ചെറുകിട വ്യവസായ കേന്ദ്രം. കുഴിയിൽ നിക്ഷേപിക്കുന്ന മാലിന്യം തിന്നാനെത്തുന്ന കാട്ടുപന്നികളാണ് ഇവർക്ക് വില്ലനാവുന്നത്. ഒരിക്കൽ സ്‌കൂളിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി അദ്ധ്യാപകന്റെ കൈവിരൽ തകർത്തിരുന്നു.

Advertisement
Advertisement