എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷ മാർച്ച് 31 മുതൽ

Tuesday 28 December 2021 12:38 AM IST

കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി പരീക്ഷ 2022 മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡ‌റി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും നടക്കും. രാവിലെ 9.45 മുതലാണ് എല്ലാ പരീക്ഷയും ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എസ്.എസ്.എൽ.സി പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 10 മുതൽ 19 വരെയും പ്ളസ് ടു പ്രാക്ടിക്കൽ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയും വി.എച്ച്.എസ്.ഇ വൊക്കേഷണൽ പ്രാക്ടിക്കൽ ഫെബ്രുവരി 15 മുതൽ മാർച്ച് 11 വരെയും നോൺ വൊക്കേഷണൽ പ്രാക്ടിക്കൽ ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയും നടക്കും.

മാർച്ച് 21 മുതൽ 25 വരെയാണ് എസ്.എസ്.എൽ.സി മോഡൽ പരീക്ഷ. പ്ളസ് ടു, വി.എച്ച്.എസ്.ഇ മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ 21 വരെ നടക്കും.

ചോദ്യങ്ങൾ 60 ശതമാനം പാഠഭാഗങ്ങളിൽ നിന്ന്

കൊവിഡ് വ്യാപനം കാരണം ക്ലാസുകൾ വൈകിത്തുടങ്ങിയതിനാൽ ഫോക്കസ് ഏരിയയായി നിശ്ചയിച്ച 60 ശതമാനം പാഠഭാഗങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. ഫോക്കസ് ഏരിയ എസ്.സി.ഇ.ആർ.ടി വെബ് സൈറ്റിൽ ലഭ്യമാണ്. പരീക്ഷാ ഫീസ് പിഴ കൂടാതെ ജനുവരി മൂന്ന് മുതൽ 13 വരെയും പിഴയോടെ 14 മുതൽ 19 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ അടയ്‌ക്കാം.

Advertisement
Advertisement