ലൈഫ് പദ്ധതി: അപേക്ഷാ പരിശോധനയിൽ വകുപ്പുകളുടെ പങ്കാളിത്തം, കളക്ടർമാരുടെ മേൽനോട്ടം

Monday 27 December 2021 11:19 PM IST

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലെ അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ എല്ലാ വകുപ്പുകളുടേയും പങ്കാളിത്തം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനം. ഇതിനായി ആവശ്യാനുസരണം ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർമാർക്ക് നിയോഗിക്കാം. വിദ്യാഭ്യാസം, റവന്യു ഉൾപ്പെടെയുള്ള വകുപ്പുകളിലെ ജീവനക്കാരുടെ പങ്കാളിത്തമാകും കൂടുതലായും ഉറപ്പാക്കുക. മന്ത്രിസഭായോഗത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു ചീഫ് സെക്രട്ടറി യോഗം വിളിച്ചത്. ഇന്നലത്തെ യോഗത്തിന്റെ റിപ്പോർട്ട് ഈയാഴ്‌ചത്തെ മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കും. തുടർന്നാകും ഇതുസംബന്ധിച്ച ഉത്തരവിറങ്ങുക.

ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനെച്ചൊല്ലി കൃഷി, തദ്ദേശ വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണം അപേക്ഷകളുടെ പരിശോധന നിലച്ചിരുന്നു. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു. തർക്ക പരിഹാരത്തിന് ഉദ്യോഗസ്ഥതലത്തിൽ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ചീഫ് സെക്രട്ടറി വിഷയം മന്ത്രിസഭായോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് വിവിധ വകുപ്പ് മേധാവികളുമായി കൂടിയാലോചിച്ചശേഷം പ്രായോഗിക തീരുമാനമെടുക്കാൻ ചീഫ്‌സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. 9.20 ലക്ഷം പേരാണ് വീടിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്.

Advertisement
Advertisement