കമ്മിഷൻ വാങ്ങിയുള്ള ജനവിരുദ്ധ വികസനം:കെ.മുരളീധരൻ

Monday 27 December 2021 11:33 PM IST

കോഴിക്കോട്: ജനവിരുദ്ധവും കമ്മിഷൻ വാങ്ങിയുമുള്ള വികസനമാണ് സർക്കാർ നടപ്പാക്കുന്നതെന്ന് കെ.മുരളീധരൻ എം.പി. പറഞ്ഞു. കെ- റെയിൽ വിഷയത്തിൽ ശശി തരൂരിന്റെ നിലപാട് വിവാദമാക്കേണ്ടതില്ല. പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. പഠനശേഷം പ്രതികരിക്കാമെന്നാണ് തരൂർ പറഞ്ഞത്. അതിനർത്ഥം സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്നല്ല. ലീഡർ സ്റ്റഡി സെന്റർ സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണം കെ.പി.കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തരൂരിനെ പുറത്താക്കുന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. സുധാകരൻ നൽകിയത് താക്കീത് മാത്രമാണ്. കെ- റെയിൽ വിഷയത്തിൽ യു.ഡി.എഫും കോൺഗ്രസും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

പാരിസ്ഥിതിക റിപ്പോർട്ട് ലഭിക്കാതെ എങ്ങനെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വികസന കാര്യങ്ങളിലുൾപ്പെടെ കെ.കരുണാകരൻ നയിച്ച ഐക്യപാതയിലൂടെ മുന്നോട്ടുപോകാൻ കോൺഗ്രസ് പ്രവർത്തകർ പ്രതിജ്ഞയെടുക്കണമെന്നും മുരളീധരൻ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ജയന്ത്, ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി.അബു, കെ.രാമചന്ദ്രൻ, പി.മമ്മദ് കോയ, അഡ്വ.എം.രാജൻ തുടങ്ങിയവർ സംസാരിച്ചു. ഡി.സി‌.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ അദ്ധ്യക്ഷനായി. സി.പി.വിശ്വനാഥൻ സ്വാഗതവും അഡ്വ.ആർ.സച്ചിത് നന്ദിയും പറഞ്ഞു.

Advertisement
Advertisement