കിഴക്കമ്പലം അക്രമം: പ്രതികൾ 164 പേർ, നാലു സംസ്ഥാനക്കാർ  റിമാൻഡ‌് ചെയ്തു  ചുമത്തിയത് വധശ്രമം ഉൾപ്പെടെ പത്ത് വകുപ്പുകൾ

Tuesday 28 December 2021 12:55 AM IST

കോലഞ്ചേരി: ക്രി​സ്മസ് രാത്രി​യി​ൽ കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും പൊലീസിനെ ആക്രമിച്ച് ജീപ്പുകൾ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്ത കേസിൽ ആകെ 164 പ്രതി​കൾ. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മണിപ്പൂർ, ബീഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനക്കാരാണ് ഇവർ. വധശ്രമം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. പൊതുമുതൽ നശി​പ്പി​ച്ച കേസിൽ മുഴുവൻ പേരും പ്രതി​കളാണ്. എല്ലാവരും 24നും 29നും മദ്ധ്യേ പ്രായക്കാർ.

ഇന്നലെ രാവിലെ 9.30ന് പ്രത്യേക കേസായി പരി​ഗണി​ച്ച് കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് എൽ. ഉഷ പ്രതി​കളെ വി​യ്യൂർ സ്പെഷ്യൽ ജയിൽ, മൂവാറ്റുപ്പുഴ സബ് ജയിൽ, കാക്കാനാട് ബോസ്റ്റൽ സ്കൂൾ എന്നിവിടങ്ങളിലേക്ക് റി​മാൻഡ് ചെയ്തു.ബോസ്റ്റൽ സ്കൂലിലേയ്ക്ക് അയച്ചത് 44 പേരെയാണ്. ദ്വിഭാഷിയില്ലാതെ പ്രതികളുമായി മജിസ്ട്രേട്ട് നേരിട്ട് സംസാരിക്കുകയായിരുന്നു. നിയമസഹായവേദിയുടെ അഡ്വ. ഇ.എൻ. ജയകുമാർ പ്രതികൾക്കുവേണ്ടി ഹാജരായി. പ്രധാന പ്രതികളെ മാത്രം കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കാനാണ് പൊലീസ് നീക്കം. കലാപത്തിന് സായുധമായി സംഘംചേരൽ, മാരകായുധങ്ങളുമായി കലാപം, കുറ്റകൃത്യം ചെയ്യണമെന്നുറച്ച് സംഘം ചേരൽ, മാരകായുധങ്ങളുമായി മരണകാരണമായേക്കാവുന്ന അക്രമം, ഔദ്യോഗിക കൃത്യ നിർവഹണം തടയൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

 ഒന്നാം പ്രതി ഗുൽസൺ സിംഗ്

മണിപ്പൂർ സ്വദേശികളാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ഒന്നാം പ്രതി ഗുൽസൺ സിംഗ് മരവടിക്ക് കുന്നത്തുനാട് സി.ഐ വി.ടി. ഷാജന്റെ തലയ്ക്കടിച്ചു. രണ്ടാം പ്രതി സെർട്ടോ ഹെൻജുകുപ്പ് പുറത്തടിച്ചു. മൂന്നാം പ്രതി മെയ്റമ്പാം ബോയ്ച സിംഗ് കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു. 51 വരെയുള്ള പ്രതികൾ സി.ഐയെ ഉൾപ്പെടെ പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ചു. കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു.

 തെളിവായത് ഫോൺ ദൃശ്യങ്ങൾ

അക്രമം നടത്തിയ തൊഴിലാളികൾ അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇവയിൽ നിന്നും കമ്പനി സി.സി ടി.വിയിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ തെളിവായി പൊലീസ് രേഖപ്പെടുത്തിയത്.

സഹപ്രവർത്തകരായ മലയാളികളെ ദൃശ്യങ്ങൾ കാണിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു.

 നഷ്ടം 12,05,000 രൂപ

ഒരു പൊലീസ് വാഹനം കത്തിക്കുകയും നാലെണ്ണം തകർക്കുകയും ചെയ്തതു വഴി 12,05,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊതുമുതൽ നശിപ്പിക്കൽ കുറ്റം കൂടിയുള്ളതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ ഇത്രയും തുക കെട്ടിവയ്ക്കേണ്ടിവരും.

Advertisement
Advertisement