തെളിഞ്ഞാലും പ്രയോജനപ്പെടില്ല 'മകളിർജ്യോതി'!

Tuesday 28 December 2021 12:03 AM IST

പദ്ധതി വ്യാപിപ്പിക്കാൻ സൗകര്യങ്ങളില്ല

കൊല്ലം: സ്ത്രീകൾക്കും കുട്ടികൾക്കുമുണ്ടാകുന്ന വിളർച്ച, പോഷകാഹാരക്കുറവ്, ശാരീരിക മാനസിക സമ്മർദ്ദം എന്നിവയുടെ ചികിത്സയ്ക്കായി സിദ്ധയിൽ ആവിഷ്കരിച്ച 'മകളിർജ്യോതി' പദ്ധതിയുടെ പ്രയോജനം ലഭിക്കുക വളരെ കുറച്ചുപേർക്കു മാത്രം. സർവേ ആരംഭിച്ചെങ്കിലും നഗരവാസികളടക്കം ജില്ലയിലെ ഭൂരിഭാഗം പേർക്കും ഇതിന്റെ ഗുണഫലം ലഭ്യമാകില്ല.

ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ ഒന്നുൾപ്പെടെ അഞ്ച് ഡിസ്പെൻസറികൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ഡിസ്പെൻസറികളുടെ പരിധിയിലുള്ള ചുരുങ്ങിയ മേഖലകൾ ഒഴികെയുള്ളയിടങ്ങളിലേക്ക് പദ്ധതി വ്യാപനം സാദ്ധ്യമാകില്ല. അതേസമയം ജില്ലാതലത്തിൽ കേന്ദ്രീകൃതമായ ചികിത്സാലയമോ മറ്റ് സജ്ജീകരണങ്ങളോ ഉണ്ടായിരുന്നെങ്കിൽ പദ്ധതി വിജയകരമായി പൂർത്തീകരിക്കാനും നിരവധിപേർക്ക് പ്രയോജനം ലഭ്യമാക്കാനും കഴിയുമായിരുന്നു. മുൻവിധികളോടെ സിദ്ധ ചികിത്സയെ അവഗണിച്ചതിന്റെ പരിണിതഫലമാണ് ഇപ്പോൾ പല പദ്ധതികളുടെയും ഗുണഫലം സാധാരണക്കാർക്ക് നിഷേധിക്കുന്ന തരത്തിലേക്ക് എത്തിച്ചത്.

മകളിർ ജ്യോതി പദ്ധതി

 10 മുതൽ 19 വരെയുള്ള കുട്ടികൾക്കായി 2018 ൽ ആരംഭിച്ച 'കന്യാജ്യോതി'വിപുലീകരിച്ച പദ്ധതി

 രക്തത്തിലെ ചുവന്ന രക്താണുക്കളുടെ കുറവ് മൂലമുണ്ടാകുന്ന വിളർച്ച, രക്തക്കുറവ് എന്നിവയ്ക്കുള്ള ചികിത്സ

 ഭക്ഷണക്രമം, പാരമ്പര്യ ഭക്ഷണക്കൂട്ട് എന്നിവയിലൂടെ ഫലപ്രദമായ രോഗചികിത്സ

 2019ലെ സർവേ പ്രകാരം 15നും 49നുമിടയിലുള്ള സ്ത്രീകളിൽ 53 ശതമാനം പേരും വിളർച്ച ബാധിച്ചവർ

സിദ്ധ ചികിത്സ ലഭ്യമാകുന്ന ജില്ലയിലെ ഡിസ്പെൻസറികൾ

 ഗവ. സിദ്ധ ഡിസ്പെൻസറി, തേവലക്കര

 ആയുഷ് ഹോളിസ്റ്റിക് സെന്റർ (ദേശീയ ആയുഷ് മിഷൻ), ശാസ്താംകോട്ട

 ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) ഡിസ്‌പെൻസറി, കല്ലുവാതുക്കൽ

 എൻ.എച്ച്.എം ഡിസ്‌പെൻസറി, ചവറ തെക്കുംഭാഗം

 എൻ.എച്ച്.എം ഡിസ്‌പെൻസറി, കൊട്ടാരക്കര

കൊവിഡാനാന്തര ചികിത്സയ്ക്ക് ഉൾപ്പെടെ കൂടുതൽപേർ ആശ്രയിക്കുന്നതും സ്വീകാര്യത വർദ്ധിക്കുന്നതും കണക്കിലെടുത്ത് സിദ്ധയ്ക്ക് ജില്ലാതല ചികിത്സാലയങ്ങൾ ആരംഭിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കണം. സംസ്ഥാന സർക്കാരിന്റെയും ദേശീയ ആയുഷ് മിഷൻ, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെയും നിരവധി ഡിസ്‍പെൻസറികൾ നിലവിലുണ്ടെങ്കിലും പാശ്ചാത്തല സൗകര്യങ്ങളടക്കം ഇനിയും വികസിക്കേണ്ടതുണ്ട്. ജില്ലാ ആശുപത്രി എന്നതരത്തിൽ സിദ്ധ ചികിത്സാലയം ആരംഭിക്കാനായി മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ആവശ്യപ്പെടും. പശ്ചാത്തല വികസനത്തിനടക്കം സിദ്ധ ചികിത്സ എല്ലാവർക്കും ലഭ്യമാകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ എം.പി ഫണ്ട് വിനിയോഗിക്കും

എൻ.കെ. പ്രേമചന്ദ്രൻ എം.പി

സിദ്ധ ചികിത്സ കൂടുതൽ പേർക്ക് പ്രയോജനപ്പെടാൻ നഗരത്തിൽ മികച്ച സൗകര്യങ്ങളോടു കൂടിയ ചികിത്സാ കേന്ദ്രം ആരംഭിക്കാൻ പരിശ്രമം നടത്തും. ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകുകയും ഇടപെടൽ നടത്തുകയും ചെയ്യും

എം. മുകേഷ് എം.എൽ.എ

Advertisement
Advertisement