വാളയാർ കേസിൽ സി.ബി.ഐ കുറ്റപത്രം: പെൺകുട്ടികളുടേത് ആത്മഹത്യ, കാരണം പ്രതികളുടെ പീഡനം

Tuesday 28 December 2021 12:28 AM IST

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് പതിമൂന്നും ഒമ്പതും വയസുള്ള പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്നും അതിനു കാരണക്കാർ നിലവിലെ നാലു പ്രതികളാണെന്നും സി.ബി.ഐ കുറ്റപത്രം. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ പൊലീസ് കണ്ടെത്തിയ ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് സി.ബി.ഐയും പ്രതിചേർത്തത്. രണ്ടാമത്തെ കുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പ്രതികൾ.

തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് ഡിവൈ.എസ്.പി അനന്തകൃഷ്ണനാണ് പാലക്കാട് പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
2017ലാണ് സംഭവം. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ പൊലീസ് അന്വേഷിച്ചിരുന്നില്ല. കുട്ടികളുടെ അമ്മയുടെയും രണ്ടാനച്ഛന്റെയും രഹസ്യമൊഴി സി.ബി. ഐ രേഖപ്പെടുത്തിയിട്ടുണ്ട്.

 നിരന്തരം പീഡനം

മൂത്ത കുട്ടി 2016 ഏപ്രിൽ മുതൽ 2017 ജനുവരിയിൽ മരിക്കും വരെ പല തവണ പീഡനത്തിനിരയായി. കുട്ടിയുടെ വീട്ടിലും വല്ല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലുമാണ് പീഡനം നടന്നത്. ശരീരത്തിൽ മുറിവും പഴുപ്പുമുണ്ടെന്നും അമ്മയോട് പറയാൻ പേടിയാണെന്നും കൂട്ടുകാരിയെ അറിയിച്ചിരുന്നു.

മൂത്തകുട്ടിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത് ഇളയ കുട്ടിയാണ്. ഈ സമയം രണ്ടുപേർ മുഖം മറച്ച് വീട്ടിൽ നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന് കുട്ടി മൊഴി നൽകിയിട്ടും പൊലീസിന്റെ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയില്ല. ചേച്ചി പിടയുകയായിരുന്നുവെന്നാണ് സഹോദരിയുടെ മൊഴി. മൃതദേഹത്തിൽ അതിക്രമം നടന്നതിന്റെ പാടുകളോ, ക്ഷതങ്ങളോ കൊലപാതകമെന്ന് തോന്നിക്കുന്ന ലക്ഷണങ്ങളോ, ശരീര ശ്രവങ്ങളോ കണ്ടെത്താനായില്ല. അതിനാൽ ആത്മഹത്യയെന്ന നിഗമനത്തിലെത്തുകയായിരുന്നു.

 ഇളയ കുട്ടിക്ക് ഡമ്മി പരീക്ഷണം

ഒമ്പതു വയസുകാരിക്ക് ശക്തമായ ആത്മഹത്യ പ്രവണതയുണ്ടായിരുന്നതായി കണ്ടെത്തി.

സഹോദരിയുടെ ഫോട്ടോ കാണിച്ച് അവൾ പോയ വഴിയേ ഞാനും പോകുമെന്ന് ആവർത്തിച്ചിരുന്നതായി മൊഴികളുണ്ട്. ഉത്തരത്തിൽ കുരിക്കിടാൻ ഒമ്പതുകാരിക്ക് കഴിയുമോ എന്നറിയാൻ ഡമ്മി പരീക്ഷണം നടത്തി. 16 സെന്റീ മീറ്റർ ഉയരമുള്ള ഒാടുകൊണ്ടുള്ള കട്ടകൾക്ക് മുകളിലാണ് കട്ടിൽ വച്ചിരുന്നത്. ഇതിന് മുകളിൽ കസേരയിട്ടാണ് ഉത്തരത്തിൽ കുരിക്കിട്ടത്. മൃതദേഹം കണ്ടയാളുടെ മൊഴിയിൽ കുട്ടിയുടെ കാൽ കസേരയിൽ മുട്ടിയിരുന്നില്ല. 20 സെന്റീമീറ്റർ വ്യത്യാസം ഉണ്ടായിരുന്നു. ഇത് ഡമ്മി പരീക്ഷണത്തിലും തുടർന്ന് ഫോറൻസിക് സയൻസ് ലാബിലെ വിദഗ്ധരെത്തി നടത്തിയ പരിശോധനയിലും ബോധ്യമായി. ഈ കണക്കുകൾ പൊലീസ് കൃത്യമായി രേഖപ്പെടുത്താതിരുന്നതാണ് കുറ്റവാളികൾ രക്ഷപ്പെടാൻ കാരണം.

 പൊലീസ് തെളിവ് നശിപ്പിച്ചു

ആദ്യം കേസന്വേഷിച്ച എസ്.ഐ ചാക്കോ ഗുരുതുര വീഴ്ചവരുത്തി. തെളിവുകൾ നശിപ്പിച്ചു. അളവുകൾ കൃത്യമായി രേഖപ്പെടുത്തിയില്ല. ആദ്യ കുട്ടി മരിച്ചതിന് ശേഷം മൊഴിനൽകിയ രണ്ടാമത്തെ കുട്ടിക്ക് സംരക്ഷണം നൽകിയില്ല.

കാര്യങ്ങൾ പഠിക്കാതെയാണ് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാരും കേസ് വാദിച്ചത്. തെളിവുകൾ നിരത്താനായില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

Advertisement
Advertisement