ദേവിക്ക് പ്രസാദമായി രാജുവിന്റെ ശബ്ദം

Wednesday 29 December 2021 12:44 AM IST

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവി ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ ദേവീസ്തുതിയുടെ അകമ്പടിയോടെ എത്തുന്ന നിർദ്ദേശങ്ങൾക്കും അറിയിപ്പുകൾക്കും ശ്രീഭൂതപുരം രാജു തന്റെ ശബ്ദം പകർന്നു നൽകിയിട്ട് രണ്ടര പതിറ്റാണ്ട് പിന്നിടുകയാണ്. 25 വർഷമായി രാജുവിന്റെ ശബ്ദം ഭക്തർക്ക് സുപരിചിതമാണ്.
അനൗൺസറുടെ റോളിൽ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച യാത്ര നിലവിൽ തുറവൂർ കുമാരകുളം ക്ഷേത്രം അടുവാശേരി വാസുദേവപുരം, കുട്ടമ്പുഴ ക്ണാച്ചേരി, ചെങ്കൽ ഭഗവതി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലേക്ക് നീണ്ടു. ശ്രീഭൂതപുരം കറുകയിൽ കൃഷ്ണൻകുട്ടിയുടെ മകൻ രാജുവിന് അനൗൺസ്‌മെന്റ് ഭഗവതിക്കുള്ള നൈവേദ്യമാണ്. മീൻകച്ചവടമാണ് ഉപജീവനമാർഗം. 14 വയസുമുതൽ വി​വി​ധ പരിപാടികളിൽ രാജീവിന്റെ ശബ്ദ സാന്നി​ദ്ധ്യമുണ്ട്.
2017 നവംബറിൽ പക്ഷാഘാതം വന്ന് ശബ്ദം പൂർണമായും നഷ്ടപ്പെട്ടെങ്കിലും സ്പീച്ച് തെറാപ്പിയിലൂടെ തി​രി​കെവന്നു. രാജുവിന്റെ നിശ്ചയദാർഢ്യവും അഭീഷ്ടവരദായി​നിയായ തി​രുവൈരാണി​ക്കുളം ദേവിയുടെ അനുഗ്രഹവും തുണയായി​. വിറച്ചാണെങ്കിലും മൈക്ക് കൈയിലെടുത്ത് ദേവിക്ക് തന്റെ ശബ്ദം നിവേദ്യമായി നൽകി. അന്നുതൊട്ടിന്നോളം ദേവി തന്നെയാണ് തന്റെ തുണയെന്ന് രാജു പറയുന്നു. വാക്കുകളൊന്നും പതറാതെ തീർത്ഥാടകരെ വിവരങ്ങൾ അറിയിക്കുന്ന തിരക്കിൽ ഇക്കൊല്ലം നടതുറപ്പുത്സവത്തിനും അനൗൺസറായി രാജുവുണ്ട്.
അരങ്ങ് സാംസ്‌കാരിക വേദി, നാട്ടുനന്മ കൂട്ടായ്മ എന്നിവയുടെ പുരസ്‌കാരങ്ങൾ രാജുവിനെ തേടിയെത്തിയിട്ടുണ്ട്. തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ സിനിയാണ് രാജുവിന്റെ ഭാര്യ. അക്ഷയ്, അഭയ് എന്നിവർ മക്കളാണ്.

Advertisement
Advertisement