രൺജിത്ത് വധം: നേരിട്ട് പങ്കെടുത്ത 2 എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്‌റ്റിൽ

Tuesday 28 December 2021 11:11 PM IST

ആലപ്പുഴ: ബി.ജെ.പി നേതാവ് അഡ്വ.രൺജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ട രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരാണ് അറസ്‌റ്റിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച അഞ്ചുപേർ നേരത്തെ പിടിയിലായിരുന്നു. ബംഗളുരൂവിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത അനൂപിനെയും റസീബിനെയും രണ്ടു ദിവസം ചോദ്യംചെയ്തതിനു ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കേണ്ടതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തിരിച്ചറിയൽ പരേഡിനായി അടുത്തദിവസം കോടതിയിൽ അപേക്ഷ നൽകും. മജിസ്‌ട്രേട്ടിന്റെ സാന്നിദ്ധ്യത്തിൽ ജയിലിലായിരിക്കും തിരിച്ചറിയൽ പരേഡ്. അതേസമയം, കേസിൽ മൂന്നുപേർ കൂടി കസ്‌റ്റഡിയിലുണ്ടെന്ന് സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിക്കുന്നില്ല.

Advertisement
Advertisement