പൊലീസ് ആസ്ഥാനത്തു നിന്ന് സർക്കുലർ; പൊലീസുകാർ ലേബർ ക്യാമ്പുകൾ സന്ദർശിക്കണം, നല്ല ബന്ധം സ്ഥാപിക്കണം

Tuesday 28 December 2021 11:15 PM IST

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ പതിവായി സന്ദർശിക്കാനും തൊഴിലുടമകളുമായും കരാറുകാരുമായും ബന്ധം പുലർത്താനും ഡിവൈ.എസ്.പിമാർക്കും സ്റ്റേഷൻ മേധാവികൾക്കും പൊലീസ് ആസ്ഥാനത്തു നിന്ന് നിർദ്ദേശം. കിഴക്കമ്പലം കിറ്റെക്സിലെ തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സാഹചര്യത്തിലാണ് അഡിഷണൽ പൊലീസ് മേധാവി വിജയ് സാഖറെ സർക്കുലർ നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്യസംസ്ഥാന തൊഴിലാളികളുമായി മികച്ച ആശയവിനിമയം ആവശ്യമാണെന്നും സർക്കുലറിൽ പറയുന്നു. സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് മേലധികാരികൾക്ക് നൽകണം.

നിർദ്ദേശങ്ങൾ

 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ അവരുടെ പങ്കിനെപ്പറ്റി തൊഴിലാളികളെ ബോധവത്കരിക്കണം. സമാധാനം നിലനിറുത്തേണ്ടതിനെപ്പറ്റി ബോദ്ധ്യപ്പെടുത്തണം

 ആശയവിനിമയത്തിന് ഹിന്ദിയും ബംഗാളിയും അറിയുന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണം. അവരുടെ നമ്പരുകൾ ക്യാമ്പുകളിൽ പ്രദർശിപ്പിക്കണം

 പ്രശ്നങ്ങൾ അറിയിക്കാൻ പൊലീസ് ഹെൽപ്പ്ലൈൻ നമ്പരുകളും ഉദ്യോഗസ്ഥരുടെ നമ്പരുകളും തൊഴിലാളികൾക്ക് കൈമാറണം

കേന്ദ്ര ഏജൻസികൾ രംഗത്ത്

സംഘർഷമേഖല കേന്ദ്ര ഐ.ബി, എൻ.ഐ.എ ഉദ്യോഗസ്ഥർ സന്ദർശിച്ച് തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചു. ബംഗ്ളാദേശികൾ ഉണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. തീവ്രനിലപാടുള്ള സംഘടനകളുടെ അനുഭാവികളുടെ സാന്നിദ്ധ്യമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായവരുടെ വിശദാംശങ്ങളും ഏജൻസികൾ ശേഖരിച്ചു.

പൊലീസിനോട് പകയോടെ

കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന തൊഴിലാളികളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസും കേന്ദ്ര ഏജൻസികളും കരുതുന്നത്. മണിപ്പൂർ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വദേശത്തെ പ്രശ്നങ്ങളുടെ പേരിൽ സേനകളോട് പകയുള്ളവരാണ്. 'മലയാളി പൊലീസ് ഗോ ബാക്ക്' വിളിച്ചാണ് ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങളിലുണ്ട്.

കുന്നത്തുനാട് താലൂക്കിൽ സമീപകാലത്ത് നടന്ന കൊലപാതകങ്ങളിൽ ഇവരുടെ ക്രൂരത വ്യക്തമാണെന്ന് പൊലീസ് പറയുന്നു.

മയക്കുമരുന്ന് ഉപയോഗിച്ച് അക്രമാസക്തരാകുന്ന ശീലമാണ് ഇവർക്കെന്ന് കിറ്റെക്സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ലഹരിക്കടിപ്പെട്ടാൽ വീട്ടുകാരെ പോലും ആക്രമിക്കാൻ മടിയില്ലാത്തവരാണിവർ. ഇവർക്ക് കഞ്ചാവ് ഉൾപ്പെടെ സുലഭമായി ലഭിക്കുന്നത് എങ്ങനെ എന്നതുൾപ്പെടെ അന്വേഷിക്കണമെന്ന ആവശ്യം പരിസരവാസികൾ ഉന്നയിച്ചിട്ടുണ്ട്.

Advertisement
Advertisement