കാട്ടാനകൾ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നത് തടയാൻ വാളയാറിൽ ഇനി സൗണ്ട് അലാറം

Wednesday 29 December 2021 1:28 AM IST
വാളയാർ സ്‌റ്റേഷനിൽ പ്രവർത്തനക്ഷമമായ സൗണ്ട് അലാറം സംവിധാനം.

പാലക്കാട്: റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ കാട്ടാനകൾ ട്രെയിനിടിച്ച് ചരിയുന്നത് തടയുന്നതിന്റെ ഭാഗമായി വാളയാറിൽ സൗണ്ട് അലാറം ഏർപ്പെടുത്തി. ട്രെയിൻ വരുമ്പോൾ ഈ സംവിധാനത്തിലൂടെ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും ഉയരും. ഈ ശബ്ദം 500 മീറ്റർ വരെ കേൾക്കാനാകുകയും ചെയ്യും. ആനകൾ ട്രാക്ക് മുറിച്ച് കടക്കുന്നതിൽ നിന്ന് പിൻതിരിപ്പിക്കാൻ ഇതുകൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. പാലക്കാട് ഡിവിഷന് കീഴിലുള്ള വാളയാർ സ്റ്റേഷനിലാണ് സൗണ്ട് അലാറത്തിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ട്രാക്കുകൾക്ക് സമീപം കാട്ടാനകളുടെ സാന്നിധ്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ ജി.എസ്.എം അധിഷ്ഠിത അലേർട്ട് സംവിധാനങ്ങളുൾപ്പെടെയുള്ള ആധുനിക തരത്തിലാണ് അലാറം നിർമ്മിച്ചിരിക്കുന്നത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന അലർട്ട് അലാറാമിലൂടെ ട്രാക്കുകളിൽ കാട്ടാനകളെത്തിയാൽ എസ്.എം.എസ് സംവിധാനം വഴി കൺട്രോൾ റൂമിൽ വിവരം ലഭിക്കും. ഈ സംവിധാനം പ്രവർത്തിക്കുന്നതിന് വാളയാർ സ്റ്റേഷനിൽ ഒരു സ്റ്റേഷൻ മാസ്റ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ലെവൽ ക്രോസിംഗ് ഗേറ്റിൽ നേരത്തെ പ്രവർത്തിച്ചിരുന്ന സിസ്റ്റത്തിന്റെ നവീകരിച്ച പതിപ്പാണ് ഈ ഉപകരണം. ഗേറ്റിന് നൽകിയിട്ടുള്ള വൈദ്യുതി വിതരണം ഉപയോഗിച്ചാണ് നേരത്തെ പ്രവർത്തിച്ചിരുന്നത്. ഇത് സൗരോർജ്ജ പ്രവർത്തനക്ഷമമാക്കിയതിനൊപ്പം ജി.എസ്.എസം സംവിധാനത്തിലാക്കുകയും ചെയ്തായി റെയിൽവേ അധികൃതർ അറിയിച്ചു.

Advertisement
Advertisement