മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്: 4 പേർ രംഗത്ത്; 2 വനിതകൾ

Thursday 30 December 2021 3:09 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് (ചീഫ് ഇക്കണോമിക് അഡ്വൈസർ) സ്ഥാനത്തേക്ക് മത്സരിക്കാൻ രംഗത്തുള്ളത് നാലുപേർ. ചരിത്രത്തിൽ ആദ്യമായി വനിതകളും രംഗത്തുണ്ട്. നിലവിലെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.വി. സുബ്രഹ്മണ്യൻ കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നിയമനത്തിന് കേന്ദ്രം ശ്രമിക്കുന്നത്.

കെ.വി. സുബ്രഹ്മണ്യൻ പുനർനിയമനത്തിന് കാക്കാതെ, അദ്ധ്യാപന ജീവിതത്തിലേക്ക് മടടങ്ങുകയായിരുന്നു. നാഷണൽ കൗൺസിൽ ഫോർ അപ്ളൈഡ് ഇക്കണോമിക് ആൻഡ് റിസർച്ചിന്റെ (എൻ.സി.എ.ഇ.ആർ) ഡയറക്‌ടർ ജനറൽ പൂനം ഗുപ്‌ത, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ മുൻ അംഗവും റിസർവ് ബാങ്കിന്റെ ധനനയ നിർണയ സമിതിയിലെ (എം.പി.സി) സ്വതന്ത്ര അംഗവുമായിരുന്ന ഡൽഹി സ്കൂൾ ഒഫ് ഇക്കണോമിക്‌സിലെ സാമ്പത്തിക ശാസ്‌ത്രവിഭാഗം പ്രൊഫസർ പാമി ദുവ എന്നിവരാണ് മത്സരരംഗത്തുള്ള വനിതകൾ.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ പാർട്ട്ടൈം മെമ്പർ വി. അനന്തനാഗേശ്വരൻ, കേന്ദ്രസർക്കാരിന്റെ പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസർ സഞ്ജീവ് സന്യാൽ എന്നിവരാണ് മറ്റ് രണ്ട് മത്സരാർത്ഥികൾ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്ത ഫെബ്രുവരിയിൽ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്‌ജറ്റ് അവതരിപ്പിക്കാനിരിക്കേ, അതിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കുകയെന്ന വലിയ വെല്ലുവിളിയാണ് പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവിനെ കാത്തിരിക്കുന്നത്.

എന്നാൽ, സാമ്പത്തിക സർവേ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പേ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവിനെ തിരഞ്ഞെടുക്കാനുള്ള സാദ്ധ്യത വിരളമാണ്. ഇക്കുറി സാമ്പത്തിക സർവേ റിപ്പോർട്ട് ഒറ്റപ്പതിപ്പിൽ നിലനിറുത്താനുള്ള സാദ്ധ്യതയുമുണ്ട്.

അദ്ധ്യാപനത്തിലേക്ക്

സുബ്രഹ്മണ്യൻ

കഴിഞ്ഞ മൂന്നുവർഷക്കാലം കേന്ദ്ര ബഡ്‌ജറ്റ്, സാമ്പത്തിക സർവേ, സമ്പദ്‌പരിഷ്‌കാരങ്ങൾ എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഖ്യ ബുദ്ധികേന്ദ്രമായിരുന്നു കെ.വി. സുബ്രഹ്മണ്യൻ. മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവെന്ന നിലയിൽ മൂന്നുവർഷ കാലാവധി പൂർത്തിയാക്കിയാണ് പടിയിറക്കം.

അദ്ധ്യാപന/ഗവേഷണ മേഖലയിലേക്ക് തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് കെ.വി. സുബ്രഹ്മണ്യൻ വ്യക്തമാക്കിയിരുന്നു. 50കാരനായ സുബ്രഹ്മണ്യൻ, 2018 ഡിസംബർ ഏഴിനാണ് കേന്ദ്രത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായത്. അതിന് മുമ്പ് ജെ.പി. മോർഗൻ ചേസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടി.സി.എസ് എന്നിവയിൽ ഉപദേഷ്‌ടാവായി പ്രവർത്തിച്ചു. അമേരിക്കയിലെ എമോറി സർവകലാശാലയിൽ ഫാക്കൽട്ടിയായിരുന്നു.

Advertisement
Advertisement