ഗുരുദേവസ്തുതിയിൽ ശിവഗിരി ഭക്തിസാന്ദ്രം, തീർത്ഥാടനത്തിന് ഇന്ന് തിരിതെളിയും

Thursday 30 December 2021 12:00 AM IST

ശിവഗിരി: ശ്രീനാരായണഗുരുദേവ സ്തുതികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ 89-ാമത് ശിവഗിരി തീർത്ഥാടന പരിപാടികൾ ഇന്നു രാവിലെ 10 ന് മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്വാമി പരാനന്ദ ഭദ്രദീപം തെളിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. രാവിലെ പർണശാലയിൽ ശാന്തിഹവനം, ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾ, ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണം എന്നിവയ്ക്കുശേഷം 7.30ന് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തുന്നതോടെയാണ് തീർത്ഥാടനത്തിന് തുടക്കമാകുന്നത്. തീർത്ഥാടനലക്ഷ്യങ്ങളിലൊന്നായ വിദ്യാഭ്യാസമാണ് ഉദ്ഘാടന സമ്മേളനത്തിലെ ചർച്ചാവിഷയം. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, മുൻമന്ത്റിമാരായ ഡോ. തോമസ് ഐസക്, കെ.ബാബു എന്നിവർ മുഖ്യാതിഥികളായിരിക്കും. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ശ്രീഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, അഡ്വ. വി. ജോയി എം.എൽ.എ, ശ്രീനാരായണഗുരു കോൺഫെഡറേഷൻസ് പ്രസിഡന്റ് അഡ്വ. വി.കെ. മുഹമ്മദ്, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് എന്നിവർ സംസാരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറ. സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് നന്ദിയും പറയും. ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നു 2020 സി.ബി.എസ്.ഇ പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ ആർ.ദ്യുമ്‌ന, ഒൻപതാം റാങ്ക് നേടിയ എസ്. ശ്രുതി എന്നിവരെ അനുമോദിക്കും.

12.30ന് ശുചിത്വത്തെ ആസ്പദമാക്കി നടക്കുന്ന ആരോഗ്യ സമ്മേളനം കേന്ദ്രമന്ത്റി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്റി വീണാജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. ഡോ. പി.എസ്. ഇന്ദു, ഡോ. എസ്.എസ്. ലാൽ, ഡോ. എ. സജീദ്, ഡോ. പി. ചന്ദ്രമോഹൻ, വർക്കല കഹാർ, ഡോ. ടിറ്റി പ്രഭാകരൻ എന്നിവർ സംസാരിക്കും. സ്വാമി ധർമ്മചൈതന്യ സ്വാഗതവും ഇ.എം. സോമനാഥൻ നന്ദിയും പറയും. അന്താരാഷ്ട്രതലത്തിൽ ഏഷ്യാഡിലും ഒളിമ്പിക്സിലും ഹർഡിൽസിൽ പങ്കെടുത്ത് 21 പ്രാവശ്യം സ്വർണ്ണമെഡൽ നേടിയ 92 കാരനായ ജി. ജോൺമട്ടക്കലിനെ വി. മുരളീധരൻ ആദരിക്കും. ഗുരുപ്രഭാവം പ്രഭാഷണങ്ങളിലൂടെ എന്ന സ്വാമി സച്ചിദാനന്ദയുടെ പുസ്തകത്തിന്റെ ഒന്നും രണ്ടും വാല്യങ്ങൾ പ്രകാശനം ചെയ്യും.

3ന് കൃഷിയെ ആധാരമാക്കി നടക്കുന്ന സമ്മേളനം മന്ത്റി ജെ. ചിഞ്ചുറാണിയും വൈകിട്ട് 5ന് ബ്രഹ്മവിദ്യാലയ കനകജൂബിലി സമ്മേളനം ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാനും ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാപരിപാടികൾ നടക്കും.

Advertisement
Advertisement