ലിവർപൂളിന് 'ഞെട്ടൽ' ന്യൂ ഇയർ

Wednesday 29 December 2021 10:54 PM IST

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ വമ്പന്മാരായ ലിവർപൂളിനെ ഞെട്ടിച്ച് ലെസ്റ്റർ സിറ്റി. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ലെസ്റ്ററിനോട് തോറ്റ ലിവർപൂളും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള വ്യത്യാസം ആറായി ഉയർന്നു. മറ്റൊരു മത്സരത്തിൽ ടോട്ടനത്തെ സതാംപ്ടൺ 1-1ന് സമനിലയിൽ തളച്ചു.

ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ കിംഗ്പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 59-ാം മിനിട്ടിൽ അഡെമോല ലൂക്ക്മാനാണ് വിധി നിർണായക ഗോൾ നേടിയത്. ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലായുടെ പെനാൽറ്റിയടക്കം ഗോളെന്നുറച്ച നാലിലധികം ഷോട്ടുകൾ തടഞ്ഞ ലെസ്റ്റർ ഗോൾകീപ്പറും നായകനുമായ കാസ്‌പെർ ഷ്‌മൈക്കേലാണ് ടീമിന്റെ വിജയശിൽപി.

മത്സരത്തിന്റെ 16-ാം മിനിട്ടിൽ സലായുടെ പെനാൽട്ടി കിക്ക് തട്ടിയകറ്റിയാണ് ഷ്‌മൈക്കേൽ അവിശ്വസനീയ പ്രകടനം തുടങ്ങിയത്. ഈ തോൽവിയോടെ 19 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ലിവർപൂളിന്റെ ഈ സീസണിലെ രണ്ടാമത്തെ തോൽവിയാണിത്. 19 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായാണ് മാഞ്ചസ്റ്റർ സിറ്റി ഒന്നാമതുള്ളത്. 18 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുള്ള ലെസ്റ്റർ ഒൻപതാം സ്ഥാനത്താണ്.

ഒരു ഗോൾ വീതം നേടിയാണ് ടോട്ടനവും സതാംപ്ടണും സമനിലയിൽ പിരിഞ്ഞത്. ടോട്ടനത്തിനുവേണ്ടി പെനാൽട്ടിയിലൂടെ സൂപ്പർ താരം ഹാരി കേനും സതാംപ്ടണിനുവേണ്ടി നായകൻ ജെയിംസ് വാർഡ് പ്രൗസും ഗോളടിച്ചു. 39-ാം മിനിട്ടിൽ പത്തുപേരായി ചുരുങ്ങിയിട്ടും സതാംപ്ടൺ ടോട്ടനത്തെ സമനിലയിൽ തളച്ചിടുകയായിരുന്നു. രണ്ട് തവണ ലക്ഷ്യം കണ്ടിട്ടും ടോട്ടനത്തിന് അനുകൂലമായി റഫറി ഗോൾ വിധിക്കാതിരുന്നതും നിർണായകമായി. ഈ സമനിലയോടെ ടോട്ടനം 17 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി ആറാം സ്ഥാനത്തെത്തി. സതാംപ്ടൺ 13-ാം സ്ഥാനത്താണ്.

മറ്റ് മത്സരങ്ങളിൽ ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നോർവിച്ച് സിറ്റിയെ പരാജയപ്പെടുത്തിയപ്പോൾ വെസ്റ്റ് ഹാം ഒന്നിനെതിരേ നാലുഗോളുകൾക്ക് വാറ്റ്‌ഫോർഡിനെ തകർത്തു.

Advertisement
Advertisement