കേരള കോൺഗ്രസ്-ബിയിൽ പോര് മുറുകുന്നു; എൽ.ഡി.എഫ് യോഗത്തിൽ ഗണേശ് വേണ്ടെന്ന് ഉഷ

Wednesday 29 December 2021 11:26 PM IST

തിരുവനന്തപുരം:കേരളകോൺഗ്രസ് - ബിയിൽ താൽക്കാലിക ചെയർമാനായ കെ. ബി. ഗണേശ് കുമാർ എം. എൽ. എക്കെതിരെ സഹോദരി ഉഷ മോഹൻദാസിന്റെ നേതൃത്വത്തിൽ പടയൊരുക്കം മുറുകുന്നു. അടുത്തിടെ ഗണേശ് കുമാറിനെ മറികടന്ന് എറണാകുളത്ത് ചേർന്ന നേതാക്കളുടെ യോഗം ഉഷ മോഹൻദാസിനെ പാർട്ടി ചെയർപേഴ്സണായി നിയോഗിച്ചതോടെയാണ് ഉൾപാർട്ടി പോര് രൂക്ഷമായത്.

ഇടതുമുന്നണി യോഗത്തിലെ പാർട്ടി പ്രതിനിധികളായി ചെയർ പേഴ്സണായ തന്നെയും വർക്കിംഗ് ചെയർമാൻ എം.വി. മാണിയെയുമാണ് പരിഗണിക്കേണ്ടതെന്ന് കാട്ടി ഉഷ എൽ.ഡി.എഫ് നേതൃത്വത്തിന് കത്ത് നൽകാനൊരുങ്ങുകയാണ്. തങ്ങളുടേതാണ് യഥാർത്ഥ പാർട്ടിയെന്നും ആ പാർട്ടിയുടെ നിയമസഭാകക്ഷി നേതാവും വൈസ് ചെയർമാനുമാണ് കെ.ബി. ഗണേശ് കുമാർ എം.എൽ.എയെന്നും കാണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഇവർ കത്ത് നൽകിക്കഴിഞ്ഞു.

എന്നാൽ പാർട്ടിയിൽ ഔദ്യോഗിക അംഗത്വം ഇല്ലാത്തവരും അച്ചടക്ക ലംഘനത്തിന് പുറത്താക്കപ്പെട്ടവരുമാണ് ഈ നീക്കങ്ങൾ നടത്തുന്നതെന്ന് കാട്ടി ഗണേശ് വിഭാഗവും രംഗത്തെത്തി.

ഇടതുമുന്നണി അനുവദിച്ച മുന്നാക്ക വികസന കോർപ്പറേഷൻ അദ്ധ്യക്ഷനായും മറ്റ് കോർപ്പറേഷനുകളുടെ അംഗങ്ങളായും ഗണേശ് കുമാർ തനിക്ക് വേണ്ടപ്പെട്ടവരെ നിയമിച്ചുകഴിഞ്ഞു. ഇതിനെതിരെയും ഇടതുമുന്നണി നേതൃത്വത്തിന് പരാതി നൽകാനാണ് മറുവിഭാഗത്തിന്റെ നീക്കം. മുഖ്യമന്ത്രിയെ നേരിൽ കാണാനും ശ്രമമുണ്ട്.

പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ സഞ്ചയന ദിവസമാണ് നേതാക്കൾ യോഗം ചേർന്ന് ഗണേശിനെ താൽക്കാലിക ചെയർമാനായി നിയോഗിച്ചത്. പാർട്ടി ഭരണഘടനയനുസരിച്ച് ചെയർമാൻ മരിച്ചാൽ ആറ് മാസത്തിനകം നേതൃയോഗം പുതിയ ചെയർമാനെ തിരഞ്ഞെടുക്കണം. താൽക്കാലിക ചുമതല മാത്രമുള്ള ഗണേശ് അതിന് തയാറായിട്ടില്ല. പാർട്ടിയിലെ അനിശ്ചിതത്വം മുതലെടുത്ത് ചെയർമാനായി സ്വയം അവരോധിച്ച വ്യക്തി ഏകപക്ഷീയമായി കാര്യങ്ങൾ നടത്തുകയാണ്. തിരുവനന്തപുരത്തും കൊട്ടാരക്കരയിലുമുള്ള പാർട്ടി സ്വത്തുക്കൾ തട്ടിക്കൂട്ടിയ ട്രസ്റ്റിന്റെ പേരിൽ സ്വന്തമാക്കാനുള്ള ഗൂഢനീക്കമാണ് ഗണേശ് നടത്തുന്നതെന്നും ഉഷ ആരോപിക്കുന്നു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്റെ പേര് നിർദ്ദേശിക്കപ്പെട്ടെങ്കിലും ഗണേശിന്റെ പ്രതിഷേധം മൂലം ഒഴിവാകുകയായിരുന്നു. തന്നോട് പിടിച്ചുനിൽക്കാനാവില്ലെന്ന ബോദ്ധ്യം കൊണ്ടാണ് ഗണേശ് എതിർത്തത്. അച്ഛനും സഹോദരനും സജീവരാഷ്ട്രീയത്തിൽ നിൽക്കെ താൻ കൂടി വേണ്ട എന്ന തീരുമാനത്തിലാണ് പിൻവാങ്ങിയത്. ഇന്ന് പ്രവർത്തകരുടെ ആശങ്ക കാണുമ്പോൾ അച്ഛന്റെ ആശയങ്ങൾക്കായി നിലകൊള്ളുകയും അച്ഛനോടൊപ്പം നിന്ന ആയിരക്കണക്കിന് പ്രവർത്തകർക്ക് പിന്തുണ നൽകുകയും വേണമെന്നതിനാലാണ് നേതൃത്വം ഏറ്റെടുക്കുന്നതെന്നും ഉഷ മോഹൻദാസ് വ്യക്തമാക്കി. ഗണേശ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

Advertisement
Advertisement