നാടൻ വിഭവങ്ങളും വീട്ടിലെത്തും, സർക്കാരിന്റെ 'ഓൺലൈൻ' വഴി

Thursday 30 December 2021 12:30 AM IST

പുതിയ ഓൺലൈൻ വ്യാപാര ശൃംഖലയൊരുക്കി സംസ്ഥാന സർക്കാർ

കൊല്ലം: സൂക്ഷ്മ, ഗാർഹിക വ്യവസായ യൂണിറ്റുകളുടെ ഉത്പന്നങ്ങൾ ഓൺലൈനിലൂടെ വാങ്ങാൻ സംസ്ഥാന സർക്കാർ പുതിയ വ്യാപാര ശൃംഖല ആരംഭിക്കുന്നു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റാണ് 'ഓപ്പൺ യൂട്ടിലിറ്റി നെറ്റ് വർക്ക്' എന്നു പേരിട്ടിരിക്കുന്ന സംവിധാനത്തിന്റെ നിർവഹണ ഏജൻസി. ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാൻ വൻകിട ഓൺലൈൻ വ്യാപാര മാതൃകയി​ലാണ് പുതി​യ പദ്ധതി​.

ഒരു കോടി രൂപയിൽ താഴെ മുതൽമുടക്കുള്ള വ്യവസായ യൂണിറ്റുകളെയാകും ഓൺലൈൻ ശൃംഖലയിൽ ഉൾപ്പെടുത്തുക. ശൃംഖലയുടെ ഭാഗമാകുന്ന സംരംഭകർ നിശ്ചിത തുക രജിസ്ട്രേഷൻ ഫീസായി നൽകണം. വർഷം തോറും രജിസ്ട്രേഷൻ പുതുക്കാൻ നി​ശ്ചി​ത തുക നൽകേണ്ടി വരും. വിവരസാങ്കേതിക വകുപ്പ് സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം സ്റ്റാർട്ട് അപ്പുകളുടെ സഹായത്തോടെ പദ്ധതിക്കാവശ്യമായ ഓൺലൈൻ ആപ്ലിക്കേഷൻ വികസിപ്പിക്കും. ഉപഭോക്താക്കളുടെ പരാതി അന്വേഷിക്കാനും പരിഹരിക്കാനും പ്രത്യേക സംവിധാനം ഉണ്ടാകും. ശൃംഖലയിലൂടെ വിറ്റഴിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കും.

തുടക്കം രണ്ടു ജില്ലകളിൽ

 പദ്ധതിയെക്കുറിച്ച് പ്രത്യേക പ്രചാരണ പ്രവർത്തനങ്ങൾ

 ആദ്യഘട്ടത്തിൽ ഉത്പന്നങ്ങൾ അതത് ജില്ലക്കാർക്ക് മാത്രം വാങ്ങാം

 പിന്നീട് മറ്റ് ജില്ലകളിലുള്ളവർക്കും വാങ്ങാൻ സൗകര്യം ഒരുക്കും

 തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ആദ്യം പദ്ധതി

 രണ്ടാം ഘട്ടത്തിൽ കൊല്ലം ഉൾപ്പെടെ മറ്റു ജില്ലകൾ

വിതരണ ചുമതല കുടുംബശ്രീക്ക്

സർക്കാരിന്റെ പുതിയ ഓൺലൈൻ വ്യാപാര ശൃംഖലയിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള ചുമതല കുടുംബശ്രീക്കാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന ഓൺലൈൻ വ്യാപാരത്തെ പുതിയ പദ്ധതിയുമായി ബന്ധിപ്പിക്കും. ഇതു കുടുംബശ്രീക്കാർക്ക് വരുമാനം കൂട്ടും.

Advertisement
Advertisement