ബേപ്പൂർ വാട്ടർ ഫെസ്റ്റ് സമാപിച്ചു ചരിത്രമായി ജല വിസ്മയം

Thursday 30 December 2021 12:02 AM IST
കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന്റെ സർച്ച് ആൻഡ് റെസ്ക്യൂ അഭ്യാസപ്രകടനം

കോഴിക്കോട് : ജലവിസ്മയം തീർത്ത ബേപ്പൂർ വാട്ടർ ഫെസ്റ്റ് സമാപിച്ചു. നാലുനാൾ ബേപ്പൂരിൽ നടന്ന ജലോത്സവം കോഴിക്കോടിന്റെ ഉത്സവമായി. ഇന്നലെ നടന്ന കൺട്രി ബോട്ട് റേസ് മത്സരത്തിൽ 10 ടീമുകൾ പങ്കെടുത്തു. പ്രാദേശിക ടീമുകളും കോസ്റ്റ് ഗാർഡ് പൊലീസും മത്സരത്തിൽ മാറ്റുരച്ചു. ഇഞ്ചോടിഞ്ച് കൊമ്പുകോർത്ത ഫൈനൽ മത്സരത്തിൽ റോവേഴ്‌സ് കീഴുപറമ്പ് ഒന്നാംസ്ഥാനവും വൺ ഡയറക്ഷൻ കീഴുപറമ്പ് രണ്ടാംസ്ഥാനവും കേരള കോസ്റ്റൽ പൊലീസ് ടീം മൂന്നാംസ്ഥാനവും നേടി. കോസ്റ്റ് ഗാർഡ്, അഗ്‌നിരക്ഷാ സേന, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സുരക്ഷാ പ്രവർത്തനങ്ങൾ മത്സരത്തിലുടനീളമുണ്ടായിരുന്നു.

ബാംബൂ റാഫ്റ്റിംഗ് മത്സരത്തിൽ നാലു ടീമുകളാണ് ഇറങ്ങിയത്. ടീമംഗങ്ങൾ തങ്ങൾക്ക് അനുവദിച്ച 15 മുളകളും നാല് ടയറുകളും കയറുകളുമുപയോഗിച്ച് ചങ്ങാടം നിർമ്മിച്ച് ചാലിയാറിൽ നിന്ന് മറീനയിലേക്ക് ആദ്യം തുഴഞ്ഞെത്തുക എന്നതാണ് മത്സരം. അബൂബക്കർ ക്യാപ്റ്റനായ നവോദയ ആക്കോട് ടീം വിജയികളായി. കോട്ടക്കൽ ഇംപയർ ടെക് ടീമാണ് രണ്ടാംസ്ഥാനം നേടിയത്. മൂന്നാംസ്ഥാനം ടീം കോട്ടക്കലാണ് നേടിയത്.
ആലപ്പുഴയിലെ ഡോൾഫിൻ ക്ലബിൽ നിന്നുള്ള 20 കുട്ടികളാണ് കനോയിംഗ് റെയ്‌സ് പ്രദർശനത്തിൽ പങ്കെടുത്തത്.

വാട്ടർ ഫെസ്റ്റിന്റെ അവസാന ദിവസവും സെയിലിംഗ് റഗാട്ട മത്സരങ്ങൾ നടന്നു. ടോപ്പർ ക്ലാസ്, ഒപ്ടിമിസ്റ്റ് ക്ലാസ്,​ ബിഗ് ബോട്ട് അഥവാ സീ ബോട്ട് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. രണ്ടു വിഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ നടന്നു. മണിക്കൂറുകൾ നീണ്ട മത്സരത്തിൽ ഒപ്ടിമിസ്റ്റ് വിഭാഗത്തിൽ ആൺകുട്ടികളിൽ ജെഹാൻ ഹാൻസോതിയ ഒന്നാംസ്ഥാനവും ആര്യൻ രണ്ടാംസ്ഥാനവും നേടി. പെൺകുട്ടികളിൽ അരുന്ധതി ഒന്നാംസ്ഥാനം നേടി.

Advertisement
Advertisement