നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചു

Wednesday 29 December 2021 11:46 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വി എൻ അനിൽകുമാർ രാജിവച്ചു. വിചാരണ കോടതി ജഡ്ജിയുമാുള്ള അഭിപ്രായ വ്യത്യാസത്തെതുടർന്നാണ് രാജി. കേസിൽ പ്രതിയായ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ വീണ്ടും അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ വാദത്തിനിടെ അഡീഷണൽ സ്‌പെഷ്യൽ സെഷൻസ് ജഡ്​ജി ഹണി വർഗീസുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ വി എൻ അനിൽകുമാർ കോടതിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഇയാൾ പിന്നീട് രാജിക്കത്ത് സമർപ്പിച്ചു.

കേസിൽ ഒമ്പത് പ്രോസിക്യൂഷൻ സാക്ഷികളെ വിസ്​തരിക്കാൻ നേരത്തെ വിചാരണ കോടതി അനുമതി നിഷേധിച്ചിരുന്നു. വിചാരണ കോടതിയുടെ ഈ നടപടിക്കെതിരെ പ്രോസിക്യൂഷൻ ഇതിനോടകം തന്നെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം കേസിൽ വിചാരണ നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തുടർ അന്വേഷണം നടക്കുന്നതിനാലാണ് വിചാരണ നിർത്തിവക്കാൻ ആവശ്യപ്പെടുന്നതെന്ന് ഹർജിയിൽ പറയുന്നു. പൊലീസിന്റെ ഈ അപേക്ഷ കോടതി നാളെ പരിഗണിക്കും.

ഈ കേസിൽ വിചാരണ ജഡ്ജിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവക്കുന്ന രണ്ടാമത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറാണ് അനിൽകുമാർ. കഴിഞ്ഞ വ‌ർഷം ഒക്ടോബറിൽ ഇതേ കാരണത്താൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനം എ സുരേഷൻ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനിൽകുമാറിനെ ഈ സ്ഥാനത്തേക്ക് നിയമിക്കുന്നത്.