നെൽകർഷകർക്ക് വിനയായി വാഴത്തോട്ടങ്ങൾ ?

Thursday 30 December 2021 12:26 AM IST
മുണ്ടായ പാടശേഖരത്തിൽ നെൽകർഷകർക്ക് വിനയായി നിൽക്കുന്ന വാഴത്തോട്ടങ്ങൾ.

ഷൊർണൂർ: നെൽപ്പാടങ്ങളിൽ സ്ഥിരമായി വാഴക്കൃഷി ചെയ്യുന്നത് നെൽ കർഷകർക്ക് വിനയാവുന്നു. വാഴത്തോട്ടങ്ങൾക്ക് അപ്പുറമുള്ള പാടങ്ങളിലേക്ക് കാർഷിക യന്ത്രങ്ങൾ കൊണ്ടുപോകാൻ കഴിയാത്തതിനാൽ നിലം ഉഴുതുമറിക്കാനും നടീൽ നടത്താനും കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്. മുണ്ടായ പാടശേഖരത്തിലാണ് കാർഷിക നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഇത്തരം വാഴത്തോട്ടങ്ങൾ ഉള്ളത്.

നെൽപ്പാടങ്ങളിൽ സ്ഥിരമായി വാഴ നടുന്നതിന് കാർഷിക നിയമം അനുവദിക്കുന്നില്ല. ഒരു വർഷം വാഴക്കൃഷി ചെയ്താൽ അടുത്ത വർഷം നെൽക്കൃഷി നടത്തണമെന്ന നിർദ്ദേശം ലംഘിച്ചാണ് ചിലർ വയൽ പരിവർത്തനം ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് പാടശേഖരസമിതി നേതാക്കൾ പറയുന്നു. പ്രദേശത്തുകാരല്ലാത്ത ചില ഭൂ ഉടമകളാണ് ഇത്തരത്തിൽ സ്ഥിരമായി നെൽപ്പാടങ്ങളിൽ വാഴത്തോട്ടമുണ്ടാക്കി കർഷകരെ ദുരിതത്തിലാക്കുന്നത്.

അടയുന്നത് നാട്ടുവഴികളും

ഭാരതപ്പുഴയുടെ തീരപ്രദേശങ്ങളിലാണ് ഇത്തരം നെൽവയലുകൾ സ്വന്തമാക്കി പരിവർത്തനം നടത്താൻ ശ്രമങ്ങളുള്ളത്. ഇത്തരത്തിൽ വാഴക്കൃഷി ചെയ്യുന്ന സ്ഥലങ്ങൾ വേലികെട്ടി തിരിക്കുന്നതിനാൽ യാത്രക്കാരുടെ നടവഴിയും അടച്ചിടുന്ന സ്ഥിതിയാണ്. കനാലുകളും തോടുകളും പൊതുയിടങ്ങളും വരെ ഇത്തരത്തിൽ അടച്ചുകെട്ടുന്നതിനാൽ പൊതുജനങ്ങൾക്ക് പുഴയിലിറങ്ങുന്നതിനോ കന്നുകാലികളെ കൊണ്ടുപോകുന്നതിനോ തടസമുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

നെൽപ്പാടങ്ങൾ കരഭൂമികളാക്കി മാറ്റാൻ ശ്രമം

വാഴത്തോട്ടങ്ങളിൽ പ്രയോഗിക്കുന്ന മാരക കീടനാശിനി അടങ്ങിയ വെള്ളം പുഴയിലേക്ക് ഒലിച്ചിറങ്ങുന്നതും ഗുരുതരമായ പ്രശ്നമായി തുടരുന്നുണ്ട്. ഭാരതപ്പുഴയിൽ ആളുകൾ കുളിക്കാനിറങ്ങുന്നതും കുടിവെള്ള പദ്ധതികളും ഈ മേഖല ഉൾപ്പെടുന്ന പ്രദേശങ്ങളിലുണ്ടെന്നത് ഏറെ ആശങ്കാജനകമാണ്.

പത്ത് വർഷത്തിലധികമായി തുടർച്ചയായി ഈ നെൽപ്പാടങ്ങളിൽ വാഴ മാത്രം കൃഷി ചെയ്യുന്നത് ഷൊർണൂരിലെ കൃഷി ഓഫീസിലെ ചിലരുടെ ഒത്താശയുടെ ഭാഗമായാണെന്നും ആരോപണമുണ്ട്. ക്രമേണ ഇത്തരത്തിൽ നെൽപ്പാടങ്ങൾ കരഭൂമികളാക്കി മാറ്റുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും പാടശേഖര സമിതി പ്രവർത്തകർ പറഞ്ഞു.

Advertisement
Advertisement