രൺജിത്ത് വധം: പൊലീസിന്റേത് കുറ്റസമ്മതമെന്ന് കെ. സുരേന്ദ്രൻ

Friday 31 December 2021 12:00 AM IST

ആലപ്പുഴ: ബി.ജെ.പി നേതാവ് രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടുന്നതിൽ പൊലീസിന്റെ കഴിവുകേട് പരസ്യമായി സമ്മതിച്ച എ.ഡി.ജി.പി,​ മാദ്ധ്യമങ്ങൾ വഴി നടത്തിയത് കുറ്റസമ്മതമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കേസ് എത്രയും വേഗം എൻ.ഐ.എയ്ക്ക് കൈമാറണം.

കൊലയാളികൾക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നുവെന്ന എ.ഡി.ജി.പിയുടെ പരാമർശം ഗൗരവതരമാണ്. ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയടക്കം പൊലീസിലെ ചാരന്മാർ പോപ്പുലർ ഫ്രണ്ടിനായി വിവരങ്ങൾ ചോർത്തുന്നുണ്ട്. ഇന്റലിജൻസ് റിപ്പോർട്ട് മുകൾത്തട്ടിലേക്ക് ഇവർ കൈമാറുന്നില്ല. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിൽ പക്ഷപാത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.

രൺജിത്തിന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെങ്കിൽ ആഭ്യന്തര മന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും വീടുകൾക്ക് മുന്നിൽ കുത്തിയിരിക്കും. സംസ്ഥാന വ്യാപകമായി ബഹുജന പ്രക്ഷോഭം നടത്തും. നീതിക്കുവേണ്ടി കോടതിയെ സമീപിക്കും.

മതഭീകരവാദത്തെ സർക്കാർ കൈയയച്ച് സഹായിക്കുകയാണ്. അമ്പലപ്പുഴ എം.എൽ.എ ഒന്നാന്തരം പോപ്പുലർ ഫ്രണ്ടുകാരനാണെന്ന് ആവർത്തിച്ച സുരേന്ദ്രൻ, ഇതേ ആരോപണം തിരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മാണ് പോസ്റ്റർ സഹിതം ഉയർത്തിയതെന്നും പറഞ്ഞു.

പ്രതികളുടെ കാര്യത്തിൽ രണ്ടഭിപ്രായം

ഇതുവരെ പിടികൂടിയത് യഥാർത്ഥ പ്രതികളെയാണോയെന്ന കാര്യത്തിൽ പൊലീസിൽ തന്നെ രണ്ടഭിപ്രായമുണ്ട്. പൊലീസിൽ ആർ.എസ്.എസ് പ്രവർത്തകരുണ്ടെന്ന കോടിയേരിയുടെ പ്രസ്താവനയിൽ കാര്യമില്ല. ഇടത് സർക്കാരിന്റെ കാലത്ത് 22 ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പകരത്തിന് പകരം ശൈലി ബി.ജെ.പി പ്രയോഗിച്ചിട്ടില്ല.