മുൻനിശ്ചയപ്രകാരം പരീക്ഷകൾ നടക്കും: മന്ത്രി വി. ശിവൻകുട്ടി

Friday 31 December 2021 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പരീക്ഷകൾ മുൻനിശ്ചയപ്രകാരം നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. അടിയന്തര സാഹചര്യമുണ്ടായാൽ അപ്പോൾ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തിൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നതിൽ തടസമില്ല. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂളുകൾ തുറന്നത്. കൊവിഡിന് മുമ്പുള്ളത് പോലെ ക്ളാസുകളും പരീക്ഷകളും നടത്തണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടത്തിയതും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.

മേയർ ആര്യാ രാജേന്ദ്രനെ പരിഹസിച്ച കെ. മുരളീധരനെ മന്ത്രി വിമർശിച്ചു. ശക്തനായി വന്ന് നേമത്ത് ശക്തമായി തോറ്റതിന്റെ വിഷമമാണ് മുരളീധരന്. മേയർക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിന്റെ അസൂയയാണ്. കിഴക്കമ്പലത്തെ അന്യസംസ്ഥാന തൊഴിലാളി സംഘർഷവുമായി ബന്ധപ്പെട്ട് ലേബർ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകളും അന്വേഷണവും നടത്തും. നിയമം ലംഘിക്കാൻ ആരെയും അനുവദിക്കില്ല.

Advertisement
Advertisement