സി.പി.എം ജില്ലാ സമ്മേളനം സാംസ്‌കാരികോത്സവത്തിന് നാളെ തുടക്കം

Friday 31 December 2021 12:02 AM IST

കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള സാംസ്‌കാരികോത്സവത്തിന് നാളെ തുടക്കമാവും. ബീച്ചിലെ സഫ്ദർ ഹശ്‌മി നഗറിൽ വൈകിട്ട് മൂന്നിന്

ചിത്രകാരന്മാരുടെ സംഗമവും നാടൻപാട്ടുകളുടെ ആലാപനവുമാണ് ആദ്യം അരങ്ങേറുക. 'വർഗീയതക്കെതിരെ മതനിരപേക്ഷ പ്രതിരോധസംഗമം" വൈകിട്ട് 5ന് കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്യും. ഖദീജ മുംതാസ്, കെ.ഇ.എൻ, പി.കെ.പാറക്കടവ്, പോൾ കല്ലാനോട്, കെ.അജിത, ദീദി ദാമോദരൻ തുടങ്ങിയവർ സംസാരിക്കും. വടകര ജനനാട്യവേദിയുടെ സംഗീതസദസ്, പുരോഗമന കലാസാഹിത്യസംഘം അവതരിപ്പിക്കുന്ന സാർവദേശീയ ഗാന ദൃശ്യാവിഷ്‌കാരം എന്നിവയുമുണ്ടാവും.
രാത്രി 8 ന് കോഴിക്കോട് നവചേതനയുടെ 'കനലായ് കരുതലായ് ' തെരുവുനാടകം നടക്കും.
നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ഒൻപത് സെമിനാറുകൾ ഒരുക്കുന്നുണ്ട്. ജനുവരി 3ന് 'കെ റെയിൽ നേരും നുണയും' സെമിനാർ വൈകിട്ട് 3 ന് കാട്ടിൽപീടികയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4 ന് ടൗൺ ഹാളിൽ ഒരുക്കുന്ന 'സ്ത്രീ, സമത്വം, സ്വാതന്ത്ര്യം" സെമിനാർ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ഡോ.ടി.കെ.ആനന്ദി സംസാരിക്കും. 'നിയോലിബറലിസത്തിന് കേരളത്തിന്റെ ബദൽ' സെമിനാറിന്റെ ഉദ്ഘാടനം വൈകിട്ട് 5 ന് കാരപ്പറമ്പ് ജി.എച്ച്.എസ്.എസിൽ ഡോ.തോമസ്‌ ഐസക് നിർവഹിക്കും. പി.മോഹനൻ, എ.പ്രദീപ്കുമാർ എന്നിവർ പങ്കെടുക്കും.

'കമ്മ്യൂണിസത്തിന്റെ ഭാവിയും വർത്തമാന ലോകവും' സെമിനാർ ജനുവരി 5ന് വൈകിട്ട് 4 ന് ടൗൺഹാളിൽ നടക്കും. പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വിഷയം അവതരിപ്പിക്കും.
ടി.പി.രാമകൃഷ്ണൻ, കെ.ടി.കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിക്കും.

ജനവരി 6 ന് വൈകിട്ട് 4 ന് ടൗൺ ഹാളിൽ നടക്കുന്ന 'മഹാമാരി: പ്രതിസന്ധികളും അതിജീവനവും" സെമിനാർ ഡോ.കെ.പി.അരവിന്ദൻ ഉദ്ഘാടനം ചെയ്യും. ഡോ.വി.ജി.പ്രദീപ്കുമാർ, ഡോ.അനൂപ്, കെ.പി.ഷീന എന്നിവർ സംസാരിക്കും.
ജനുവരി 7 ന് വൈകിട്ട് 3 ന് ടൗൺഹാളിൽ ഒരുക്കുന്ന പ്രവാസി സംഗമവും സെമിനാറും നോർക്ക വൈസ്‌ ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.പി.അനിൽകുമാർ, ബാദുഷ കടലുണ്ടി എന്നിവർ സംസാരിക്കും. വൈകിട്ട് 5 ന് വെസ്റ്റ് ഹില്ലിൽ ഒരുക്കുന്ന 'കടലുകളും കോർപ്പറേറ്റുകൾക്ക് ? ' സെമിനാറിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ബഷീർകൂട്ടായി എന്നിവർ പങ്കെടുക്കും.
ജനുവരി 8 ന് വൈകിട്ട് 4 ന് 'സഹകരണമേഖലയും കേന്ദ്ര സർക്കാർ നയങ്ങളും' സെമിനാറിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. എം.മെഹബൂബ്, എൻ.കെ.രാമചന്ദ്രൻ എന്നിവർ സംബന്ധിക്കും.
വൈകിട്ട് 6 ന് കുറ്റിച്ചിറയിൽ ഒരുക്കുന്ന 'മലബാർ കലാപം: ചരിത്രവും പാഠങ്ങളും" സെമിനാർ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡോ.കെ.ടി.ജലീൽ, ഡോ.കെ.എം.അനിൽ, ഡോ:പി.പി.അബ്ദുൾറസാഖ് എന്നിവർ സംസാരിക്കും.

Advertisement
Advertisement