സി.പി.എം ജനകീയാടിത്തറ വിപുലമാക്കും : കെ.പി.ഉദയഭാനു

Friday 31 December 2021 12:07 AM IST

പത്തനംതിട്ട : സി.പി.എം ജില്ലാസെക്രട്ടറിയായി തുടർച്ചയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട കെ.പി.ഉദയഭാനു പാർട്ടിയിലും പുറത്തും ജനകീയനാണ്. എൽ.ഡി.എഫിന് ബാലികേറാമലയായിരുന്ന ജില്ലയിൽ കൃത്യമായ ആസൂത്രണത്തിലൂടെ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിച്ചു. പൊതുതിരഞ്ഞെടുപ്പുകളിൽ മിന്നുന്ന വിജയങ്ങൾ സ്വന്തമാക്കി. സാധാരണക്കാരെയും തൊഴിലാളികളെയും ഒപ്പം ചേർത്തും ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ടും വിശ്വാസമാർജിച്ചാണ് മുന്നേറ്റമുണ്ടാക്കിയത്. ഉദയഭാനുവിന്റെ സംഘാടകമികവിന്റെ പിൻബലത്തിലാണ്, വലതുകോട്ട ഇടതുകോട്ടയായത്. മൂന്നാംടേമിലും സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ട അദ്ദേഹം പാർട്ടിയുടെ പുതിയ പ്രവർത്തന പരിപാടികൾ വിശദീകരിക്കുകയാണ്.

? ജില്ലയിൽ പാർട്ടിയുടെ ഇനിയുള്ള കർമ്മപരിപാടികൾ ?

പാർട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കും. സാധരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതാവശ്യങ്ങൾ നിറവേറ്റാൻ ശക്തമായ ഇടപെടലുകൾ നടത്തും. എൽ.ഡി.എഫ് സർക്കാരിന്റെ സഹായവും തേടും. സഹകരണ മേഖലയിൽ വലിയ സാദ്ധ്യതകളുള്ള ജില്ലയാണ് പത്തനംതിട്ട. പ്രവാസികളുടെ നിക്ഷേപംസ്വീകരിച്ച് സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിത നിലവാരമുയർത്താൻ സംരംഭങ്ങൾ ആരംഭിക്കും. പറക്കോടും നെടുമണ്ണിലും പുതിയ സംരംഭങ്ങൾ ആവിഷ്കരിച്ചത് വിജയമായിരുന്നു. പത്തനംതിട്ടയിലെ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ആളുകൾക്ക് തൊഴിൽ കൊടുക്കാൻ കഴിഞ്ഞു.

ദേശസാൽകൃത ബാങ്കുകൾ നമ്മുടെ നാട്ടിലെ നിക്ഷേപങ്ങൾ സമാഹരിച്ചുകൊണ്ടു പോവുകയാണ്. അവർ സാധാരണക്കാരെ സഹായിക്കാതെ ഉത്തരേന്ത്യയിലെ കോർപ്പറേറ്റുകൾക്ക് വായ്പകൾ കൊ‌ടുക്കുന്നു. പ്രളയത്തിൽ തകർന്ന റാന്നിയിലേയോ കോഴഞ്ചേരിയിലേയോ വ്യാപാരസ്ഥാപനങ്ങൾക്ക് വായ്പ നൽകിയില്ല. സഹകരണമേഖലയെ ശക്തിപ്പെടുത്തിയാൽ മാത്രമേ നാട്ടിലെ സാധാരണക്കാർക്കും പാവങ്ങൾക്കും പ്രയോജനമുണ്ടാകൂ. അതിനുള്ള പദ്ധതികൾ തയ്യാറാക്കും.

പാർട്ടിയുടെ പാലിയേറ്റീവ് പ്രവർത്തനം വിപുലീകരിക്കും. ജീവകാരുണ്യ മേഖലയിലും കൂടുതൽ സജീവമാകും. ജില്ലയിലെ മഹാഭൂരിപക്ഷം ജനങ്ങളു‌ടെയും പാർട്ടിയായി സി.പി.എം മാറും.

? കെ റെയിൽ പദ്ധതി, ജില്ലയിലെ ആളുകൾക്കും ആശങ്കയുണ്ട്.

നാടിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കുന്നവർ പദ്ധതി നടപ്പക്കാണമെന്നുള്ളവരാണ്. സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം പെരുകുകയാണ്. എല്ലാ വീടുകളിലും വാഹനങ്ങളുണ്ട്. തിരക്ക് താങ്ങാനുള്ള റോഡുകളില്ല. കെ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ സർക്കാർ നാലിരട്ടി നഷ്ടപരിഹാരം നൽകും. പുനരധിവാസം ഉറപ്പാക്കും. ജനങ്ങളെ ഭീതിപ്പെടുത്തി പദ്ധതിക്ക് എതിരെ തിരിക്കാനാണ് പ്രതിപക്ഷപാർട്ടികളുടെ നീക്കം.

? ഒന്നാംപിണറായി സർക്കാരിനെ അപേക്ഷിച്ച് ഇപ്പോഴത്തെ സർക്കാരിന്

പോരായ്മകൾ ഉണ്ടെന്ന് ജില്ലാസമ്മേളനം വിലയിരുത്തിയിട്ടുണ്ടോ.

സർക്കാരിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണ്. എല്ലാകാര്യങ്ങളും ഞങ്ങൾ ചർച്ചചെയ്യും. പല അഭിപ്രായങ്ങളും ഉയർന്നുവരും. പാർട്ടിക്കുള്ളിലെ ചർച്ചകളാണ് സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത്. രണ്ടാംപിണറായി സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ല.

? കുലംകുത്തികൾ ഇൗ സമ്മേളനത്തോടെ ഇല്ലാതാകുമെന്ന് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ താങ്കൾ പറഞ്ഞിരുന്നു. നടപടികൾ എന്തായി.

അതൊക്കെ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളാണ്. തീരുമാനിക്കേണ്ട കാര്യങ്ങളാണ്. പാർട്ടിയിൽ സംഘടനാപരമായി ചില നടപടിക്രമങ്ങളുണ്ട്. അതൊക്കെ സമയമാകുമ്പോൾ ചെയ്യും.

? തിരുവല്ല, മല്ലപ്പള്ളി, ഇരവിപേരൂർ ഏരിയകമ്മിറ്റികളിൽ വിഭാഗീയത ശക്തമാണെന്ന് വിലയിരുത്തലുകളുണ്ടോ.

അവിടങ്ങളിലെ പാർട്ടി പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് വിഭാഗീയത അല്ല. ജില്ലയിലെ പാർട്ടിയിൽ വിഭാഗീയത ഇല്ല.

? മറ്റുപാർട്ടികളിൽ നിന്ന് പ്രമുഖർ ഇനിയും സി.പി.എമ്മിലെത്തുമോ.

ധാരാളം ആളുകൾ ഇനിയും സി.പി.എമ്മിലെത്തും. പാർട്ടിയുടെ കെട്ടുറപ്പും ജനകീയമുഖവും ആളുകളുടെ വിശ്വാസം നേടിയെടുത്തിട്ടുണ്ട്. പ്രളയത്തിലും കൊവിഡിലും പാർട്ടി നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. ജില്ലയിലെ ജനപ്രതിനിധികളുടെ മികച്ച പ്രവർത്തനവും പാർട്ടിയിലേക്ക് കൂടുതലായി ആളുകളെ എത്തിക്കുന്നുണ്ട്. അവർക്കെല്ലാം അർഹമായ പരിഗണന നൽകും.

Advertisement
Advertisement